sachi

അകാലത്തിൽ പൊലിഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയെ ഓർത്ത് സിനിമാ ലോകം. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ പേരിൽ ബാനർ അനൗൺസ്‌ ചെയ്‌തു കൊണ്ടാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ ഓർക്കുന്നത്.

സച്ചി ക്രിയേഷൻസ് എന്ന പേരിലുളള പുതിയ ബാനർ തുടങ്ങുന്ന കാര്യം മമ്മൂട്ടിയും പൃഥ്വിരാജും ദിലീപും ബിജുമേനോനും അടക്കമുളള താരനിരയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. സച്ചിയുടെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുളള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടിയാണ് സച്ചി ക്രിയേഷൻസ് എന്ന ബാനർ എന്നാണ് താരങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

മലയാള സിനിമാ ലോകത്ത് ജ്വലിച്ച് നിൽക്കുന്ന സമയത്തായിരുന്നു സച്ചിയുടെ വിടവാങ്ങൽ. ചോക്ലേറ്റിന് തിരക്കഥ ഒരുക്കിയാണ് സേതുവിനൊപ്പം സച്ചി സിനിമാ ലോകത്തേക്ക് വരുന്നത്. ചോക്ലേറ്റിന്റെ വിജയത്തോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സച്ചി -സേതു കോമ്പോ മാറി. റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടി.

പിന്നീട് റൺ ബേബി റൺ, ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങളിൽ സ്വതന്ത്ര തിരക്കഥാകൃത്തായ സച്ചി 2015ൽ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അനാർക്കലിയിലൂടെ സംവിധാനരംഗത്തേക്ക് എത്തുകയായിരുന്നു. ചിത്രം മികച്ച വിജയമായി. തുടർന്ന് പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഡ്രൈവിംഗ് ലൈസൻസും സൂപ്പർഹിറ്റായി മാറി.