
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഒമ്പത് കോടി കർഷകരെ അഭിസംബോധന ചെയ്യും. കാർഷിക നിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ നിലപാട് മോദി വ്യക്തമാക്കിയേക്കും. കൂടാതെ പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു സാമ്പത്തിക സഹായമായ 18,000 കോടി രൂപ നൽകും.
ഉച്ചയ്ക്ക് വെര്‍ച്വലായി നടക്കുന്ന ചടങ്ങിന്റെ തത്സമയ സംപ്രേഷണമുണ്ടാകും. വലിയ സ്ക്രീനുകൾ തയ്യാറാക്കിയിട്ടുണ്ട്.പ്രത്യേകം അച്ചടിച്ച ലഘുലേഖകളും വിതരണം ചെയ്യും. ഉള്ളടക്കം പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്തതായിരിക്കും.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ കേന്ദ്രമന്ത്രിമാർക്കും, എംപിമാർക്കും, എംഎൽഎമാർക്കും നിർദേശം നൽകി. കൂടാതെ സംസ്ഥാന യൂണിറ്റുകളുടെ പ്രസിഡന്റുമാർക്കും മറ്റെല്ലാ മുതിർന്ന നേതാക്കൾക്കും കത്തുകൾ അയച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കും.