muraleedharan

തിരുവനന്തപുരം: കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി പ്രത്യേകം നിയമസഭ സമ്മേളനം വിളിക്കാനുളള സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. വേറെ ഏതോ സംസ്ഥാനത്തെ കാര്യത്തിന് വേണ്ടി ഇവിടെ എന്തിനാണ് സഭ ചേരുന്നത് എന്നാണ് മുരളീധരന്റെ ചോദ്യം. കർഷകന് ഹാനികരമായ ഒന്നും ബില്ലിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർക്ക് നൽകാൻ സർക്കാരിന് മറുപടിയില്ല. ഗവർണറോട് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുകയാണ് സർക്കാർ ചെയ്യുന്നത്. ഹെലിപ്പാഡ് നിർമ്മിക്കാൻ കൃഷിഭൂമി നികത്തിയവരാണ് ഈ സർക്കാർ. സാധാരണക്കാരന്റെ നികുതിപണം ഉപയോഗിച്ചാണ് പ്രത്യേക സഭാ സമ്മേളനം ചേരാൻ പോകുന്നത്. പണം ധൂർത്തടിക്കുകയാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയാണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാനും ചർച്ച ചെയ്യാനും പ്രതിപക്ഷം തയ്യാറായില്ല. പകരം തെരുവിൽ കലാപം ഉണ്ടാക്കുകയാണ്. കർഷകരുടെ പേരിൽ ആശങ്ക സൃഷ്‌ടിക്കാനുളള ശ്രമം നടക്കുന്നുണ്ട്. കേരളത്തിലെ മാദ്ധ്യമങ്ങളുടെ അജണ്ടയുടെ ഭാഗമാണിത്. കർഷകന്റെ വിപണി ശക്തമാക്കാനാണ് മോദി സർക്കാരിന്റെ ശ്രമമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.