omar-sheik

കറാച്ചി: ബ്രിട്ടീഷ് വംശജനായ അൽ ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് ഷെയ്ക്കിനെയും മൂന്ന് കൂട്ടാളികളെയും ഉടൻ മോചിപ്പിക്കണമെന്ന് കറാച്ചിയിലെ കോടതി ഉത്തരവിറക്കി. നാളെ ഇവരെ മോചിപ്പിച്ചേക്കും. ദി വോൾ സ്ട്രീറ്റ് ജേണലിലെ ലേഖകനായിരുന്ന ഡാനിയേൽ പേളിനെ തട്ടുക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതായിരുന്നു.

ഒമറിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും സിന്ധ് ഹൈക്കോടതി കഴിഞ്ഞ ഏപ്രിലിൽ 7 വർഷം തടവായി കുറയ്ക്കുകയും കൂട്ടാളികളായ മൂന്ന് പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് ക്രമസമാധാനപാലന നിയമം അനുസരിച്ച് തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇതിനെതിരായ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

1999 ൽ കാഠ്മണ്ഡുവിൽ ഇന്ത്യൻ എയർലൈൻസ് വിമാനം പാകിസ്ഥാൻ തീവ്രവാദികൾ റാഞ്ചിയപ്പോൾ , 150 യാത്രക്കാർക്ക് പകരമായി അടൽ ബിഹാരി വാജ്‌പേയി സർക്കാർ വിട്ടയച്ച തീവ്രവാദികളിൽ ഒരാളാണ് ഷെയ്ഖ്. മസൂദ് അസ്ഹർ, മുഷ്താഖ് അഹമ്മദ് സർഗാർ എന്നിവരെയും ഇന്ത്യ വിട്ടയച്ചിരുന്നു.