
കൊച്ചി: വാഗമണ്ണിൽ ലഹരി വിരുന്നുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ കൊച്ചിയിൽ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനും, മലയാളത്തിലെ പ്രമുഖ സിനിമാ നടനും ഇടപെട്ടതായി സൂചന. 'പ്രമുഖർ' ഇടപെട്ടതോടെ നടിയെ ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ അന്വേഷണം കൂടുതൽ ശക്തമായതോടെ പൊലീസ് ബ്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യുകയായിരുന്നു.
റെയ്ഡ് നടക്കുന്ന സമയത്ത് ഈ നടൻ വാഗമണ്ണിലെ മറ്റൊരു റിസോർട്ടിലുണ്ടായിരുന്നു. വില്ലൻ വേഷങ്ങളിലൂടെ പ്രക്ഷകർക്ക് പരിചിതനായ ഇദ്ദേഹത്തിന് ബ്രിസ്റ്റിയുമായി അടുത്ത സൗഹൃദമുണ്ടെന്നും, പൊലീസിലെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താനായിരുന്നു ശ്രമിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.
വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ ലഹരി നിശാ പാർട്ടിക്കിടെ പിടിയിലായവരുടെ കയ്യിൽ നിന്ന് ഏഴ് തരത്തിലുളള ലഹരി വസ്‌തുക്കളാണ് അന്വേഷണസംഘത്തിന്. എംഡിഎംഎ, എൽഎസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പിൽസ്, എക്സറ്റസി പൗഡർ, ചരസ്, ഹാഷിഷ് എന്നിവയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. അറസ്റ്റിലായ ഒമ്പത് പ്രതികളുടെ വാഹനങ്ങളിൽ നിന്നും ബാഗുകളിൽ നിന്നുമായാണ് ലഹരി വസ്‌തുക്കളെല്ലാം ലഭിച്ചത്.