rajanikanth

ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിൽ കാര്യമായ ഏറ്റക്കുറച്ചിൽ കണ്ടതിനെത്തുടർന്നാണ് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് പ്രവേശിപ്പിച്ചത്. മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ ഒന്നര ആഴ്‌ചയായി പുതിയ ചിത്രം 'അണ്ണാത്തെ'യുടെ ഹൈദരാബാദ് ഷെഡ്യൂളിൽ പങ്കെടുത്ത് വരികയായിരുന്നു രജനി. എന്നാൽ ചിത്രീകരണ സംഘത്തിലെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂർണമായും നിർത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു.

അദ്ദേഹത്തിന് നിലവിലും കൊവിഡ് ലക്ഷണങ്ങളൊന്നുമില്ല. രക്തസമ്മർദ്ദം സാധാരണ നിലയിൽ ആവുന്നതുവരെ നിരീക്ഷണം തുടരുമെന്നും അതിനുശേഷമേ ഡിസ്‍ചാർജ് ചെയ്യൂവെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.