irshad

കാസർകോട്: കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതക കാരണം രാഷ്ട്രീയമെന്ന് പൊലീസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലീഗ്–ഡി വൈ എഫ് ഐ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ യൂണിറ്റ് സെക്രട്ടറി ഇർഷാദ് അറസ്റ്റിലായി.

ഹൃദയധമനിയിൽ ഏറ്റ ആഴത്തിലുളള മുറിവാണ് ഔഫിന്റെ മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ ബുധനാഴ്ച രാത്രി തന്നെ യൂത്ത് ലീഗ് നേതാവ് ഇർഷാദ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഗുരുതര പരിക്കുകൾ ഇല്ലാത്തതിനാൽ ഡിസ്ചാർജ് വാങ്ങി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

യൂത്ത് ലീഗ് പ്രവർത്തകരായ ഇസഹാഖ്, ഹസൻ എന്നിവരുൾപ്പടെ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരാൾകൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടും എന്നാണ് സൂചന. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് ഉൾപ്പടെയുളള കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പ്രദേശത്ത് തുടർസംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ കാഞ്ഞങ്ങാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പൊലീസ് ജാഗ്രതയിലാണ്. ചിലയിടങ്ങളിൽ മുസ്ലീം ലീഗ് ഓഫിസുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്.