elephant

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ ആന എഴുന്നളളത്ത് നടത്തിയതിന് സി പി എം നേതാവ് ഉൾപ്പടെ മൂന്നുപേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുന്നയൂർക്കുളം പഞ്ചായത്തിലെ മുൻ പ്രസിഡന്റ് കൂടിയായ സി പി എം നേതാവ് എ ഡി ധനിപ്, ഒന്നാം പാപ്പാൻ കോഴിക്കോട് വെളളിമന സ്വദേശി കെ സൈനുദ്ദീൻ, രണ്ടാം പാപ്പാനായ തിരൂർ തൃപ്പങ്ങോട് സ്വദേശി ജാബിർ എന്നിവർക്കെതിരെയാണ് നാട്ടാന പരിപാലന ചട്ടം അടക്കമുളള വകുപ്പുകൾ ചുമത്തി വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.

നാട്ടാന പരിപാലന ചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ആനകളെ എഴുന്നളളിക്കുവാൻ പാടില്ല. ആനയെഴുന്നളളിപ്പിൽ കർശനമായ നിയന്ത്രണങ്ങളും, നിരോധനവും നിലനിൽക്കുന്ന സമയത്താണ് ആനയെ അനുമതിയില്ലാതെ പ്രകടനത്തിൽ ഉപയോഗിച്ചത്.

തൃശൂർ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി എം പ്രഭുവിന്റെ നിർദേശ പ്രകാരം നാട്ടാന പരിപാലന ചട്ടപ്രകാരമുളള ലംഘനത്തിന് വിവിധ വകുപ്പുകൾ ചുമത്തി തൃശൂർ സാമൂഹ്യ വനവത്കരണം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ടി സജീവ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസെടുത്തിട്ടുളളത്. മതപരമായ ചടങ്ങുകൾക്കല്ലാതെ ആനകളെ ഉപയോഗിക്കരുതെന്നാണ് ചട്ടമെന്ന് തൃശൂർ എ സി എഫ് പി എം പ്രഭു പറഞ്ഞു. വനംവകുപ്പിന്റെ അനുമതി ഇല്ലാതെയാണ് സംഘാടകർ ആനയെ ഉപയോഗിച്ച് ഘോഷയാത്ര നടത്തിയതെന്നും അദ്ദേഹം പറ‍ഞ്ഞു.