nitish-kumar-

പാട്‌ന: അരുണാചൽ പ്രദേശിൽ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിലെ ആറ് എം..എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ഇതോടെ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് സംസ്ഥാന നിയമസഭയിൽ ഒറ്റ എം..എല്‍.എ മാത്രമായി. 60 അംഗ നിയമസഭയില്‍ ഇതോടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉള്‍പ്പെടെ ബി.ജെ.പി പക്ഷത്ത് 48 എം.എല്‍.എമാരായി.

ജെ.ഡി.യു എം.എല്‍.എമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്‌റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോര്‍ജീ വാമ്ങ്ഡി ഖര്‍മ എന്നിവരാണ് പാർട്ടി വിട്ടത്.. ജെഡിയു സംസ്ഥാന അദ്ധ്യക്ഷനോട് ചർച്ച ചെയ്യാതെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്പെന്‍ഡ് ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷയും വിശ്വാസവുമാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ ബിയുറാം വാഹെ പറഞ്ഞു.അതേസമയം ബി.ജെ.പി വിശ്വാസവഞ്ചന നടത്തിയെന്നാണ് നിതീഷ്കുമാറിന്റെ വിലയിരുത്തൽ.

അരുണാചലില്‍ ജെ.ഡി.യു പ്രതിപക്ഷത്താണെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു. ഏഴ് സീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജെ.ഡി.യുവിന് അരുണാചല്‍ പ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിച്ചത്.