
തന്റെ ഫേസ്ബുക്ക് പേജിലൂടെ ക്രിസ്മസ് ആശംസയറിയിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. സാന്റാ ക്ലൗസിന്റെ വേഷമണിഞ്ഞ ഒരു പെൺകുട്ടിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സ്വാമി ആശംസകൾ നേർന്നത്. 'മതത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ വിപ്ലവം തീർക്കുന്ന എല്ലാ സഖാക്കൾക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ' എന്ന കുറിപ്പും ചിത്രത്തിലുണ്ടായിരുന്നു.

എന്നാൽ സ്വാമിയുടെ ഈ പോസ്റ്റിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'ആശംസ സഖാക്കൾക്ക് മാത്രമാണോ' എന്നതാണ് ഇവരിൽ പലരുടെയും ചോദ്യം. എന്നാൽ ഈ ചോദ്യത്തിന് കൃത്യമായ മറുപടിയാണ് കമന്റ് ബോക്സിലൂടെ സ്വാമി സന്ദീപാനന്ദഗിരി നൽകിയത്. 'സഖാവെന്നാൽ സുഹൃത്തെന്നാണ് സാരം സഖാക്കളേ' എന്നായിരുന്നു അദ്ദേഹം തന്റെ പോസ്റ്റിനടിയിൽ കമന്റ് ചെയ്തത്.