arya-rajendran

സിപിഎം പ്രവർത്തകയും ബിരുദ വിദ്യാർത്ഥിനിയുമായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തിന്റെ മേയർ സ്ഥാനത്തേക്ക് എത്തുന്നതിനെ പ്രശംസിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. 21 വയസ് പ്രായമുള്ള സ്ത്രീകൾ ഭരണരംഗത്തേക്ക് വരുമ്പോൾ സമൂഹത്തിലെ പിതൃമേധാവിത്ത വ്യവസ്ഥിതിക്ക് ഏൽക്കുന്ന പ്രഹരം ഒട്ടും ചെറുതല്ലെന്നും ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന സിപിഎം നിലപാട് അഭിനന്ദനാർഹമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി പറയുന്നു.

മേയറായിരുന്ന ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിലൂടെ ചെറുപ്പക്കാർക്ക് ഭരണപ്രാതിനിധ്യം നൽകുന്ന ഈ മോഡൽ വിജയമാണ് എന്നു സിപിഎം കാണിച്ചതാണെന്നും മാലിന്യ സംസ്കരണം മുതൽ പല കാര്യങ്ങളിലും മാതൃകയാക്കി കേരളത്തിലെ തന്നെ ഏറ്റവും നല്ല മേയറായി അദ്ദേഹത്തിന് പേരെടുക്കാൻ കഴിഞ്ഞുവെന്നും ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടുന്നു.

കുറിപ്പ് ചുവടെ:

'ആര്യ രാജേന്ദ്രൻ 21 വയസ്സിൽ മേയർ ആകുമ്പോൾ.

21 വയസ്സുള്ള ആര്യ തിരുവനന്തപുരത്തിന്റെ മേയറായി വരുന്നു എന്ന വാർത്ത കേട്ടപ്പോൾ ഞാനാദ്യം ചിന്തിച്ചത് ഭരണാനുഭവങ്ങളില്ലാത്ത ഈ കുട്ടി 21 വയസിൽ എന്ത് ചെയ്യാനാണ് എന്നാണ്. അതൊരു അമ്മാവൻ സിൻഡ്രോം ആണെന്ന് അടുത്ത മിനുട്ടിൽ തിരിച്ചറിഞ്ഞു. 25 വയസിനു മുൻപ് മാത്രം ചെയ്യാൻ കഴിയുന്ന പലതും ഉണ്ട്. നാടിനു ആവശ്യമുള്ള പലതും 30ഓ 40ഓ കഴിഞ്ഞാൽ ചെയ്യാൻ പറ്റിയെന്നു വരില്ല.

അധികാരത്തിന്റെ സ്ഥാനങ്ങളോട്, തെറ്റായ കീഴ്വഴക്കങ്ങളോട് കോമ്പ്രോമൈസ് ചെയ്യാൻ സാധ്യത ഏറ്റവും കുറവ് 30 വയസിനു മുൻപാണ്. ശരിയെന്നു തോന്നുന്ന തീരുമാനങ്ങൾ ചടുലമായി നടപ്പാക്കാൻ കഴിയുന്ന പ്രായമാണ് അത്. അഴിമതിയും സ്ഥാനമോഹവും ഒക്കെ മനസിൽ പോലും വളരാത്ത പ്രായമാണ് 21.

കോർപ്പറേഷനിലെ നയപരമായ തീരുമാനങ്ങൾ എല്ലാം എടുക്കുന്നത് LDF ൽ പാർട്ടിയും മുന്നണിയും ആണ്. മേയർക്ക് അത് നടപ്പാക്കേണ്ട ചുമതല മാത്രമേ ഉള്ളൂ. അതിനാൽ ഭരണപരിചയമില്ലായ്മ ഒരു കുഴപ്പമാവില്ല. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടിറങ്ങി കണ്ടറിഞ്ഞു തീരുമാനങ്ങൾ എടുക്കാനുള്ള നേതൃപാടവവും തുറന്ന മനസും ധൈര്യവും ഒക്കെയാണ് മേയർക്ക് വേണ്ടത്. ഊർജ്ജസ്വലതയും. മുൻപ് VK പ്രശാന്ത് എന്ന ചെറുപ്പക്കാരനെ മേയറാക്കുക വഴി CPIM തിരുവനന്തപുരത്ത് ഈ മോഡൽ വിജയമാണ് എന്നു കാണിച്ചതാണ്. മാലിന്യ സംസ്കരണം മുതൽ പല കാര്യങ്ങളിലും മാതൃകയാക്കി

കേരളത്തിലെ തന്നെ ഏറ്റവും നല്ല മേയറായി VK പ്രശാന്ത് പേരെടുത്തു.

സംഘടനാ രംഗത്തെ പ്രവർത്തനം കൊണ്ട് അനുഭവജ്ഞാനം ആര്യക്ക് ഉണ്ടാകും. അത് കൈമുതലാക്കി വലിയ നേട്ടങ്ങളിലേക്ക് തിരുവനന്തപുരത്തെ നയിക്കാൻ ആര്യക്ക് കഴിഞ്ഞേക്കും. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താനുള്ള സൗമനസ്യവും ഈഗോ കുറഞ്ഞ അവസ്ഥയും ഈ യുവത്വത്തിന്റെ അധികഗുണമാണ്.
ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ എടുത്ത CPIMന്റെ നിലപാട് അഭിനന്ദിക്കേണ്ടതാണ്.

കാലപ്പഴക്കം ചെന്ന തലച്ചോറും അധികാര മോഹവുമായി നടക്കുന്ന കടക്കിഴവന്മാർ ഭരണത്തിൽ അള്ളിപ്പിടിച്ചു ഇരിക്കുന്ന, യുവാക്കൾക്ക് അവസരം നിഷേധിക്കുന്ന കാഴ്ച നാം ചുറ്റിനും കാണുന്നുണ്ടല്ലോ. അവർക്കൊക്കെ ഈ തീരുമാനം അടുത്ത തെരഞ്ഞെടുപ്പിൽ വലിയൊരു തിരിച്ചടിയാകും. അവരൊക്കെ ഇനിയെങ്കിലും ഇതൊക്കെ കണ്ട് പഠിക്കേണ്ടതാണ്. കൂടുതൽ ചെറുപ്പക്കാർക്ക് ഭരണത്തിൽ അവസരം നൽകേണ്ടതാണ്.

21 വയസുള്ള സ്ത്രീകളൊക്കെ നാട് തന്നെ ഭരിച്ചു തുടങ്ങുമ്പോൾ വീടുകളിൽ പാട്രിയാർക്കിക്ക് കിട്ടുന്ന അടി ചെറുതല്ല. സ്ത്രീ ശാക്തീകരണത്തിന്റെ ആയിരം സെമിനാറുകളെക്കാൾ ഗുണം ഇതിനുണ്ട്. വീടുകളിൽ സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാതെ 21 വയസുള്ള സ്ത്രീകൾക്ക് ഇതിലൂടെ കിട്ടുന്ന ആത്മബലവും ഊർജ്ജവും ചെറുതാകില്ല. വീട്ടിലെ പാട്രിയാർക്കിയുടെ പത്തി അൽപ്പം താണു തുടങ്ങും.

ഇനി ആര്യമാർ നമ്മെ ഭരിക്കട്ടെ.'