
പോപ് സംഗീത ചക്രവർത്തി മൈക്കിൾ ജാക്‌സന്റെ കാലിഫോർണിയയിലെ പ്രശസ്തമായ നെവർലാന്റ് എസ്റ്റേറ്റ് വിറ്റത് 161 കോടി രൂപയ്ക്ക്.. അമേരിക്കയിലെ കോടീശ്വരനായ റോൺ ബർക്കിൾ ആണ് 2700 ഏക്കർ വരുന്ന തോട്ടം സ്വന്തമാക്കിയത്. നാലു വർഷം മുമ്പ് 730 കോടി രൂപക്ക് വിൽക്കാനിരുന്ന എസ്റ്റേറ്റായിരുന്നു ഇത്.. 12500 ചതുരശ്ര അടിയുള്ള ബംഗ്ലാവും 3700 ചതുരശ്ര അടിയുടെ നീന്തൽകുള വീടും സിനിമാ തിയേറ്ററും ഡാൻസ് സ്റ്റുഡിയോയും അടങ്ങുന്നതാണ് എസ്റ്റേറ്റ്.
15 കൊല്ലത്തോളം മൈക്കിൾ ജാക്‌സൻ താമസിച്ചിരുന്നത് നെവർലാൻഡ് എസ്റ്റേറ്റിലെ ബംഗ്ലാവിലായിരുന്നു. ജാക്‌സന്റെ കരിയറിലെ ഹിറ്റുകൾ പലതും പിറന്നത് ഈ ബംഗ്ലാവിൽ താമസിക്കുന്ന കാലത്തായിരുന്നു. നാല് ഏക്കറിൽ കൃത്രിമ തടാകവും എസ്റ്റേറ്റിനുള്ളിലുണ്ട്.
എസ്റ്റേറ്റിന് സമീപമുള്ള സാക്ക തടാകവും വാങ്ങാൻ റോണിന് പദ്ധതിയുണ്ട്..

1982 ൽ കൊളോണിയൽ മാതൃകയിൽ നിർമിച്ച ബംഗ്ലാവിൽ ആറ് കിടപ്പുമുറികളാണുള്ളത്. 2005 ൽ എസ്റ്റേറ്റ് വിൽപ്പനയ്ക്ക് വെച്ചപ്പോൾ നൂറ് മില്യണായിരുന്നു വില പറഞ്ഞിരുന്നത്. എന്നാൽ ജാക്‌സന്റെ മരണശേഷം എസ്റ്റേറ്റിന്റെ വില കുത്തനെ ഉയർന്നു. പിന്നീട് ജാക്‌സന്റെ പ്രേതം എസ്റ്റേറ്റിലും ബംഗ്ലാവിലും അലഞ്ഞു നടക്കുന്നു എന്ന വാർത്ത പ്രചരിച്ചതോടെ വില കുത്തനെ ഇടിഞ്ഞു. എന്നാൽ എസ്റ്റേറ്റിന്റെ വില കുറയ്ക്കാനുള്ള ശ്രമമാണ് ഈ വാർത്തകൾക്ക് പിന്നിലെന്ന് ആരോപണമുണ്ടായിരുന്നു. നാലുവർഷം മുമ്പ് 730 കോടി വിലപറഞ്ഞ എസ്റ്റേറ്റ് 161 കോടിക്ക് വിറ്റതോടെ ഈ ആരോപണങ്ങൾക്ക് പിന്നിൽ സത്യമുണ്ടെന്നാണ് ആരാധകർ കരുതുന്നത്..
