kk

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടൻ കമൽഹാസന് തിരിച്ചടി. കമലിന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് എ. അരുണാചലം ബി.ജെ.പിയിൽ ചേർന്നു.. തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി നിൽക്കുന്ന മക്കൾ നീതി മയ്യം കമൽ ഹാസന്റെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പാർട്ടി സ്ഥാപക നേതാക്കളിലൊരാൾ കൂടിയായ അരുണാചലം ബിജെപിയിലേക്ക് ചുവടു മാറിയത്.


കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ സാന്നിദ്ധ്യത്തിൽ ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കാൻ കമൽ ഹാസനും പാർട്ടിയും തയ്യാറാകാത്തതിനെ തുടർന്നും കർഷക സമരത്തെ പിന്തുണച്ചതുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് അരുണാചലത്തിന്റെ പ്രതികരണം.

'ഈ നിയമങ്ങളെ ബിജെപിയുടെ പദ്ധതിയായി കാണാതെ കർഷക ക്ഷേമത്തിനായുള്ള കേന്ദ്ര സർക്കാരിൻറെ പദ്ധതിയായി മാത്രം കാണണമെന്നും പല അവസരത്തിലും ഞാൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിൻറെ പദ്ധതികളെ പിന്തുണയ്ക്കാത്തവർ കേന്ദ്രീകൃത പാർട്ടികളാണെന്നും പ്രതിപക്ഷവും അവരും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ലെന്നും ഞാൻ പറഞ്ഞിരുന്നു. പക്ഷെ അവർ തീരുമാനത്തെ എതിർത്തു കൊണ്ടേയിരുന്നു'. അരുണാചലം കൂട്ടിച്ചേർത്തു. കർഷകരുടെ ക്ഷേമത്തിന് എതിര് നിൽക്കുന്ന ഒരു പാർട്ടിയിൽ നിലനിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.