
കാസർകോട്: കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഔഫിനെ കൊലപ്പെടുത്താൻ ഒന്നാം പ്രതിയായ ഇർഷാദിനെ ഇരുവരും സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ഇർഷാദ് പരിയാരം മെഡിക്കൽ കോളേജിലാണ് ഉള്ളത്. സംഘർഷത്തിനിടെ ഇയാൾക്കും പരിക്കേറ്റിരുന്നു.
കല്ലൂരാവി മുണ്ടത്തോട് റോഡിലൂടെ ബൈക്കിൽ വന്ന ഔഫിനെ മതിലിന് പിന്നിൽ പതുങ്ങിയിരുന്ന മൂന്നംഗ സംഘം ചാടിവീണ് വെട്ടുകയായിരുന്നു. ഇർഷാദിന്റെ വീടിന് മുന്നിലായിരുന്നു സംഭവം. ഇവിടെ നിന്ന് ഇരുമ്പ് ദണ്ഡും പൊട്ടിയ കണ്ണടയുടെ കഷണങ്ങളും തുണി കെട്ടിയ മരവടിയും പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസ് നായ മതിലിനോട് ചേർന്ന് മണം പിടിച്ചോടി കടപ്പുറം നവോദയ ക്ലബ് റോഡിലുള്ള ഭഗവതി ഗുളികസ്ഥാനം വരെയെത്തിയിരുന്നു. അവിടെ വാഹനം നിറുത്തിയിട്ട ശേഷമാണ് കൊലയാളികൾ ഔഫ് വരുന്ന വഴിയിൽ എത്തിയതെന്നാണ് സൂചന. കല്ലൂരാവിയിലെ ആയിഷയുടെയും മഞ്ചേശ്വരത്തെ അബ്ദുള്ള ദാരിമിയുടെയും മകനാണ് ഔഫ്. ലോക്ക് ഡൗണിനെ തുടർന്നാണ് ഷാർജയിൽ നിന്ന് തിരിച്ചെത്തിയത്.