tikaram-meena

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി ജി പി മാറേണ്ടതില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ. നിലവിലെ നിർദേശം ഡി ജി പിക്ക് ബാധകമല്ലെന്നും ലോക്‌നാഥ് ബെഹ്റയുടെ കാര്യത്തിൽ മറ്റൊരു നടപടി വേണോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ഒരേ പദവിയിൽ മൂന്ന് വർഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണമെന്നാണ് കമ്മിഷന്റെ നിർദേശം. ഇതനുസരിച്ച് മൂന്നര വർഷമായി പൊലീസ് മേധാവിയായി തുടരുന്ന ലോക്‌നാഥ് ബെഹ്റ സ്ഥാനം ഒഴിയേണ്ടിവരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ബെഹ്‌റയ്‌ക്ക് തിരഞ്ഞെടുപ്പിലും ഡി ജി പിയായി തുടരാം.

ഏപ്രിൽ അവസാനമോ മേയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. മാർച്ച് രണ്ടാം വാരം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. എൺപത് വയസ് കഴിഞ്ഞവർക്കും അംഗപരിമിതർക്കും ബൂത്തിലെത്താതെ വോട്ട് ചെയ്യാമെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പരിഷ്‌കാരം. ഈ വിഭാഗത്തിലുളളവർ കളക്‌ടർക്ക് അപേക്ഷ നൽകിയാൽ തപാൽ വോട്ടിന് അനുമതി നൽകും.