sivagiri

തിരുവനന്തപുരം: എൺപത്തിയെട്ടാമത് ശിവിഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന് തുടക്കമായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതാദ്യമായാണ് ശിവിഗിരി തീർത്ഥാടനം വെർച്വൽ രീതിയിൽ സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി എട്ടു ദിവസങ്ങളിലായാണ് ഗുരുദേവൻ മുന്നോട്ടുവച്ച അഷ്ഠ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള തീർത്ഥാടനം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമികൾ എൺപത്തിയെട്ടാമത് തീർത്ഥാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. സമൂഹത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ഭൗതികവും ആധ്യാത്മികവുമായ വിഷയങ്ങളെ ശിവഗിരിയിൽ എത്തുന്ന തീർത്ഥാടകർക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യമാണ് ഗുരുദേവൻ നിർദ്ദേശിച്ചത് എന്ന് വിശുദ്ധാനന്ദ സ്വാമികൾ പറഞ്ഞു.

കൊവിഡ് മനുഷ്യ സമൂഹത്തെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. മനുഷ്യന് അവന്റെ സഹജീവികളോടും ജീവജാലങ്ങളോടുമുള്ള കാരുണ്യവും അവ എപ്രകാരം തന്നോടൊപ്പം വളരണമെന്നും അറിയിക്കുകയാണ് ഗുരുദേവൻ എന്നും വിശുദ്ധാനന്ദ സ്വാമികൾ പറഞ്ഞു.

ഗുരുദേവൻ മുന്നോട്ടുവച്ച തീർത്ഥാടന ലക്ഷ്യങ്ങളിൽ ഒന്നാമതായ 'ഈശ്വര ഭക്തി'യിൽ 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന ഗുരുവചനം പ്രാവർത്തികമാകുമ്പോൾ' എന്ന വിഷയത്തിൽ നടന്ന പ്രഭാഷണ പരിപാടിയിൽ ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു, സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എം, തെയോഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത എന്നിവർ ഉൾപ്പടെയുള്ള പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

ജീവിതത്തിലെ വിവിധ തലങ്ങളെ മറികടക്കാനുള്ള ഏറ്റവും ലളിതമായ വഴി ഭക്തിയാണെന്ന് സദ്ഗുരു പറഞ്ഞു. ഭക്തിയുടെ അഗ്‌നി എല്ലാ പ്രതിബന്ധങ്ങളെയും കത്തിച്ചുകളയും. തുറന്ന ഭക്തി എന്നാൽ തുറന്ന ജീവിതമാണ്. ഭക്തിയുടെ തീ നമ്മെ പരിമിതികൾക്ക് അപ്പുറത്തേയ്ക്ക് ഉയർത്തുമെന്നും സദ്ഗുരു പറഞ്ഞു.

ശ്രീനാരായണഗുരുവിന്റെ സാമൂഹിക കാഴ്ചപ്പാടുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശ്രി എം. പറഞ്ഞു. ഭക്തി എന്നത് ധ്യാനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ആന്തരികമായ ആത്മീയ അനുഭവത്തെ അടിസ്ഥാനമാക്കി സാമൂഹിക പുനരുജ്ജീവനത്തിന് ഗുരുദേവൻ കാരണമായെന്നും തീർത്ഥാടന സമ്മേളന പ്രഭാഷണത്തിൽ ശ്രീ എം
പറഞ്ഞു.

ഗുരു സഞ്ചരിച്ച ഇടങ്ങളിൽ നിന്ന് മനുഷ്യമനസിൽ ശ്രീനാരായാണ ഗുരു ചെലുത്തിയ സ്വാധീനം നേരിട്ട് ബോധ്യപ്പെട്ടെന്ന് തെയോഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു. മനുഷ്യൻ നന്നായാൽ മതി സമൂഹം നന്നാവും, സമൂഹം നന്നായാൽ ഒരു കാലഘട്ടം നന്നാകുമെന്ന് ഉപദേശിച്ച മഹത് വ്യക്തിയാണ് ഗുരു. വിവിധയിടങ്ങളിൽ ക്ഷേത്ര പ്രതിഷ്ഠ നടത്തിയ ഗുരു വൈവിധ്യമാർന്ന നിലയിൽ മതചിന്തകളെ കാണുവാനും ഉൾക്കൊള്ളുവാനും പഠിപ്പിച്ചു എന്നും തെയോഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു.


ബാലരാമപുരം ഇമാം പാച്ചല്ലൂർ അബ്ദുസലീം മൌലവി, കേരള യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ സ്റ്റഡീസ് ഡയറക്ടർ ഡോ. എം.എ. സിദ്ദിഖ്, മാംഗളൂർ ശ്രീനാരായണ ഗുരു സ്റ്റഡി സെന്റർ ഡയറക്ടർ മുദ്ദു മുദുബലെ, ഹൈദരബാദ് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. കെ. സുനന്ദ, ശ്രീമദ് ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ എന്നിവരും ആദ്യ ദിന തീർത്ഥാടന സമ്മേളനത്തിൽ പങ്കെടുത്തു.. ഔദ്യോഗിക മാധ്യമമായ ശിവഗിരി ടിവിയിലൂടെ ലോകത്ത് എവിടെ ഇരുന്നും വിവിധ ഭാഷകളിൽ തീർത്ഥാടനം
വീക്ഷിക്കാവുന്നതാണ്..