
ക്രിസ‌്മസ് രാത്രി നടൻ അനിൽ നെടുമങ്ങാടിന്റെ വിയോഗം മലയാളി ഞെട്ടലോടെയാണ് കേട്ടത്. സച്ചിയെപ്പറ്റി എഴുതിയ അനിലിന്റെ അവസാന ഫേസ്‌ബുക്ക് കുറിപ്പ് ഉൾപ്പടെ ഇന്നലെ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഒടുവിൽ അനിൽ അവിസ്‌മരണീയമാക്കിയ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീനുകൾ നടന്ന പൊലീസ് സ്റ്റേഷനാണ് പശ്‌ചാത്തലം. പൃഥ്വിരാജുമൊത്തുളള ഷോട്ടിനിടെ അനിലിന്റെ കഥാപാത്രമായ എസ് ഐ സതീഷ് കുമാറിന് ഡയലോഗ് തെറ്റിപ്പോവുകയും പിന്നാലെയുണ്ടാവുന്ന ചിരിയുമാണ് ദൃശ്യങ്ങളിലുളളത്. ബിജു മേനോനുമൊത്തുളള ഷോട്ടിനിടെയുളള രസകരമായ നിമിഷവും ദൃശ്യങ്ങളിലുണ്ട്.
ഇന്നലെ വൈകുന്നേരമാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തിൽപ്പെട്ട് അനിൽ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. നീന്തൽ അറിയാമായിരുന്നെങ്കിലും ആഴക്കയത്തിൽപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. പൊലീസും നാട്ടുകാരും ചേർന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം അനിലിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.