swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലിൽ സന്ദർശിക്കുന്നവർക്കൊപ്പം കസ്‌റ്റംസ് അധികൃതരെ അനുവദിക്കില്ലെന്ന ജയിൽ ‌ഡിജിപി ഋഷിരാജ് സിംഗിന്റെ സർക്കുലറിനെതിരെ കസ്‌റ്റംസ്. ജയിൽ വകുപ്പിനെതിരെ കോഫേപോസെ സമിതിയ്‌ക്ക് കസ്‌റ്റംസ് പരാതി നൽകി. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനും കസ്‌റ്റംസ് ഒരുങ്ങുകയാണെന്നാണ് വിവരം. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജയിൽവകുപ്പ് ഈ നീക്കം നടത്തുന്നതെന്ന് പരാതിയിൽ കസ്‌റ്റംസ് അറിയിക്കും.

കോഫെപോസെ പ്രകാരമാണ് സ്വപ്‌ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ കഴിയുന്നത്. സാധാരണ ഇത്തരം തടവുകാരോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരെയും അനുവദിക്കാറുണ്ട്.എന്നാൽ കഴിഞ്ഞ ദിവസം സന്ദർശകർക്കൊപ്പമെത്തിയ കസ്‌റ്റംസ് ഉദ്യോഗസ്ഥരെ ജയിൽ ഡിജിപിയുടെ സർക്കുലർ ചൂണ്ടിക്കാട്ടി ജയിൽ അധികൃതർ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. തുടർന്നാണ് സന്ദർശക വിഷയത്തിൽ ഇരു വകുപ്പുകളും തമ്മിൽ ഏ‌റ്റുമുട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുന്നത്.

സ്വപ്‌നയുടെ ശബ്‌ദരേഖ ചോർന്ന സംഭവത്തിൽ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ചില ഉന്നതർ ജയിലിലെത്തി സ്വപ്‌നയെ കണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് മറുപടി നൽകിയിരുന്നു. ജയിൽ അധികൃതരുടെ സാന്നിദ്ധ്യത്തിൽ സ്വപ്‌നയുടെ അമ്മ, മക്കൾ, ഭർത്താവ് എന്നിവർ മാത്രമാണ് വന്നതെന്ന് ജയിൽ വകുപ്പ് അറിയിച്ചിരുന്നു.