economic

ലണ്ടൻ: നിലവിൽ ലോകത്തിലെ ഏ‌റ്റവും മികച്ച സാമ്പത്തിക ശക്തിയായ അമേരിക്കയെ ചൈന എട്ട് വർഷത്തിനകം മറികടക്കുമെന്ന് പഠന റിപ്പോർട്ട്. സെന്റർ ഫോർ ഇക്കണോമിക്‌സ് ആന്റ് ബിസിനസ് റിസർച്ച് നടത്തിയ പഠനത്തിലാണ് ഇങ്ങനെ തെളിഞ്ഞത്. മുൻപ് നടന്ന പഠനങ്ങളെക്കാൾ അഞ്ച് വർഷം മുൻപെ തന്നെ ചൈന ഒന്നാമനാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കൊവി‌ഡ് പ്രതിസന്ധിയിലാക്കിയ സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരാൻ ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ സെന്റർ പഠനവിധേയമാക്കി. ഇതിൽ ചൈന, അമേരിക്കയെ ബഹുദൂരം പിന്നിലാക്കിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ കുറച്ച് കാലമായി ആഗോള സാമ്പത്തിക രംഗത്തിന്റെ ചലനങ്ങൾ എന്നത് ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക, അധികാര തർക്കങ്ങളായിരുന്നു. കൊവിഡ് മൂലമുണ്ടായ തകർച്ച തീർച്ചയായും ചൈനയ്‌ക്ക് അനുകൂലമായി കാര്യങ്ങൾ മാ‌റ്റി മറിച്ചു എന്ന് കരുതണമെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.

നിർബന്ധിത ലോക്‌ഡൗണും, സാമ്പത്തിക രംഗത്തെ മാ‌റ്റങ്ങളും നിപുണതയോടെ കൊവിഡ് രോഗത്തെ കൈകാര്യം ചെയ്‌ത രീതിയും ചൈന സാമ്പത്തിക രംഗത്ത് മുന്നേറാൻ കാരണമായി. 2021-25 കാലയളവിൽ 5.7 ശതമാനം സാമ്പത്തിക വളർച്ച നേടാനാണ് ചൈന ശ്രമിക്കുന്നത്. ശേഷം 2026-30ൽ ഇത് 4.5 ആയി കുറയ്ക്കാനുമാണ് രാജ്യത്തിന്റെ തീരുമാനം. കൊവിഡ് ഏ‌റ്റവും ശക്തിയായി ബാധിച്ച അമേരിക്ക രോഗത്തിൽ നിന്ന് തിരികെയെത്തുമ്പോൾ 2022-24 കാലത്ത് 1.9 ശതമാനവും അതിന് ശേഷം 1.6 ശതമാനവും വളർച്ച മാത്രമേ നേടൂ എന്നാണ് കണക്കുകൂട്ടുന്നത്. ഇക്കാലയളവിലെല്ലാം ജപ്പാൻ മൂന്നാമത് വലിയ സാമ്പത്തിക ശക്തിയായി തുടരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2030 ആരംഭത്തിൽ ഈ സ്ഥാനം ഇന്ത്യ നേടുമെന്നാണ് നിലവിലെ സൂചന. അപ്പോഴേക്കും നിലവിൽ നാലാമതായ ജർമ്മനി അഞ്ചാം സ്ഥാനത്തേക്ക് മാ‌റ്റപ്പെടും. 2024ൽ യു.കെ ആറാമതായി മാറും.

യൂറോപ്യൻ യൂണിയനിൽ നിന്നും യു.കെ അടുത്ത വർഷം പുറത്ത് കടക്കുമെങ്കിലും രാജ്യത്തെ ആഭ്യന്തര ഉൽപാദന നിരക്ക് 2035ൽ ഫ്രാൻസിനെക്കാൾ ഉയരത്തിലാകും. ലോക വിപണിയിൽ കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി വളർച്ചാ നിരക്ക് കുറയുന്ന തരത്തിലല്ല പ്രതിഫലിക്കുക മറിച്ച് മിക്ക രാജ്യങ്ങളിലും വലിയ വിലക്കയ‌റ്റം അനുഭവപ്പെടും. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ ലോകരാജ്യങ്ങൾക്ക് വൻ തോതിൽ കടമെടുക്കേണ്ടി വരുമെന്നും സെന്റർ ഫോർ ഇക്കണോമിക്‌സ് ആന്റ് ബിസിനസ് റിസർച്ച് നടത്തിയ പഠനത്തിലുണ്ട്.