kochi-corporation

എറണാകുളം: കൊച്ചി കോർപറേഷനിൽ അടുത്ത മേയറായി സി.പി.എമ്മിന്റെ എം. അനിൽകുമാറിനെ ഇന്ന് സിപിഎം ജില്ലാ സെക്രട്ടറിയേ‌റ്റ് തിരഞ്ഞെടുക്കും. ഡെപ്യൂട്ടി മേയറായി സി.പി.ഐയുടെ കെ.എ അൻസിയയെ തിരഞ്ഞെടുത്തു. സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയെ തുടർന്നാണ് അൻസിയയെ തിരഞ്ഞെടുത്തത്.

പത്ത് വർഷത്തെ യു.ഡി.എഫ് ഭരണശേഷമാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫ് മേൽക്കൈ നേടിയത്. 74 അംഗ കോർപറേഷനിൽ എൽ.ഡി.എഫ് 34 സീ‌റ്റുകളിലും യു.ഡി.എഫിന് 31 സീ‌റ്റുകളുമാണുള‌ളത്. ലീഗ് വിമതനായി കൽവത്തി വാർഡിൽ വിജയിച്ച ടി.കെ അഷ്‌റഫ് എൽ.‌ഡി.എഫിനെ പിന്തുണക്കും,​ കോൺഗ്രസ് വിമതനായി വിജയിച്ച സനിൽമോനും എൽ.ഡി.എഫിനാണ് പിന്തുണ നൽകുക. അഞ്ച് സീ‌റ്റുകളിൽ ബി.ജെ.പിയാണ് വിജയിച്ചത്. എൻ.ഡി. എ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നാൽ 69 സീ‌റ്റുകളിൽ ഭൂരിപക്ഷത്തിനാവശ്യമായ സീ‌റ്റ് എൽ.ഡി.എഫിന് എളുപ്പം നേടാനാകും. സുസ്ഥിര ഭരണത്തിന് എൽ.ഡി.എഫിനെ പിന്തുണക്കുമെന്നാണ് കോൺഗ്രസ് വിമതൻ അറിയിച്ചത്.

അതേസമയം സ്വതന്ത്രരായി വിജയിച്ചവരെയും യു.ഡി.എഫ് വിമതരെയും ഒപ്പംകൂട്ടി ഭരണം തിരികെപിടിക്കാനുള‌ള ഐക്യജനാധിപത്യ മുന്നണി ശ്രമം വിമതർ തീരുമാനമറിയിച്ചതോടെ ഫലം കാണാതെ വന്നു. ഇതോടെയാണ് എൽ.ഡി.എഫിന് ഭരണത്തിന് വഴി തുറന്നത്. ഓരോ വർഷം വീതം വിമതരെയും സ്വതന്ത്രരെയും മേയറാക്കാനായിരുന്നു യു.ഡി.എഫിന്റെ ശ്രമം.