
കാനോ: നൈജീരിയയിൽ ക്രിസ്മസ് ദിനത്തിൽ ബോണോസ്റ്റേറ്റിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ ഏഴ്പേർ കൊല്ലപ്പെട്ടു.
ബോക്കോഹറാം തീവ്രവാദിസംഘടനയാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസികൾ അറിയിച്ചു. ഗ്രാമത്തിലെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും പത്തോളം വീടുകൾ തീവയ്ക്കുകയും വീടുകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. ട്രക്കുകലിലും മോട്ടോർസൈക്കിളിലും എത്തിയ തീവ്രവാദിസംഘമാണ് ഗ്രാമവാസികൾക്ക് നേരെ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നടന്ന സ്ഥലത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും വർദ്ധിക്കാമെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഗ്രാമവാസികൾ ആക്രമണ സമയത്ത് വീടുകളിൽ ഒളിച്ചിരുന്നതിനാലാണ് പലരും രക്ഷപെട്ടത്. ഒപ്പം ആക്രമികൾ പ്രദേശത്തെ ആശുപത്രിയും തീ വച്ചുനശിപ്പിച്ചു. ഇവിടെനിന്നും മെഡിക്കൽ സാധനങ്ങൾ കൊള്ളയടിച്ചതായും സമീപത്തെ പള്ളി കത്തിച്ച് ഒരു പുരോഹിതനെ തട്ടിക്കൊണ്ടുപോയതായും സൈനിക വൃത്തങ്ങൾ അറിയിച്ച. കഴിഞ്ഞ വ്യാഴാഴ്ച മറ്റൊരു ക്രിസ്ത്യൻ ഗ്രാമത്തിലും വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇതിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ക്രിസ്മസ് ദിനത്തിൽ ഭീകരാക്രമണം നടക്കുമെന്ന് സുരക്ഷ ഉദ്ധ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. അതേസമയം എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.