
ചെന്നൈ: രജനീകാന്തിന്റെ ആരോഗ്യനില വലിയ മാറ്റമില്ലാതെ തുടരുന്നുവെന്ന് വാർത്താക്കുറിപ്പ്. രക്തസമ്മർദ്ദം ഉയർന്ന് തന്നെ നിൽക്കുകയാണെന്ന് നടൻ ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സ തുടരുകയാണെന്നും ഇതുവരെ നടത്തിയ പരിശോധനകളിൽ ആശങ്കകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് പുതിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
രജനീകാന്തിനെ ഇന്ന് കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷമായിരിക്കും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിൽ പൂർണ വിശ്രമമാണ് രജനീകാന്തിന് നിർദേശിച്ചിട്ടുളളത്. സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒന്നര ആഴ്‌ചയായി പുതിയ ചിത്രം 'അണ്ണാത്തെ'യുടെ ഹൈദരാബാദ് ഷെഡ്യൂളിൽ പങ്കെടുത്ത് വരികയായിരുന്നു രജനി. എന്നാൽ ചിത്രീകരണ സംഘത്തിലെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂർണമായും നിർത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് നിലവിലും കൊവിഡ് ലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.