
ക്രിസ്മസ് ആഘോഷത്തിൽ കേക്കിനും വൈനിനും സാന്റാക്ളോസിനുമൊപ്പം പ്രാധാന്യമുള്ളതാണ് അലങ്കരിച്ച ക്രിസ്മസ് ട്രീയും. ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നവരെല്ലാം ചെറുതും വലുതുമായ ക്രിസ്മസ് ട്രീകൾ ഒരുക്കാറുണ്ട്. ഒരുപക്ഷേ, പുൽക്കൂടൊരുക്കാത്തവർ പോലും മരച്ചില്ലനാട്ടി അലങ്കരിച്ച ക്രിസ്മസ് ട്രീ സജ്ജീകരിക്കുന്ന കാഴ്ചകളേറെയാണ്. നഗരങ്ങളിലാകട്ടെ, കുറഞ്ഞ വിലയ്ക്ക് പോലും ക്രിസ്മസ്ട്രീകൾ വില്പനയ്ക്ക് വച്ചിട്ടുണ്ട്.
എന്തിനാണ് ക്രിസ്മസിനോടനുബന്ധിച്ച് ഇത്തരമൊരു ട്രീ അലങ്കരിച്ച് വയ്ക്കുന്നത് ? യഥാർത്ഥത്തിൽ ട്രീയുടെ ചരിത്രം വളരെയൊന്നും വ്യക്തമല്ലെങ്കിലും നാലാം നൂറ്റാണ്ടോളം പഴക്കമുണ്ട് ക്രിസ്മസ് ട്രീയ്ക്ക് എന്നുവേണം കരുതാൻ. അക്കാലത്ത് വടക്കൻ യൂറോപ്പിലെ യൂൾ എന്ന ശൈത്യകാല ഉത്സവത്തിന്റെ ഭാഗമായി ഇത്തരത്തിൽ മരങ്ങളെ അലങ്കരിച്ച് ഉപയോഗിച്ചിരുന്നതായി കാണാം. ക്രിസ്മസുമായി ബന്ധമില്ലായിരുന്നുവെങ്കിലും പിന്നീട് ഹുക്കാൻ എന്ന രാജാവ് നോർവേ ഭരിച്ചപ്പോൾ യൂൾ ആഘോഷങ്ങളെ ക്രിസ്മസുമായി സംയോജിപ്പിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന ക്രിസ്മസ് ട്രീയുടെ ഉത്ഭവമെന്നാണ് കരുതപ്പെടുന്നത്.
ക്രിസ്തുവിനും രണ്ടായിരം കൊല്ലം മുമ്പേ ഫിർ മരക്കമ്പുകൾ അലങ്കരിക്കുന്ന പതിവ് റോമാക്കാർക്കിടയിലുണ്ടായിരുന്നു എന്നും ചരിത്രമുണ്ട്. ഡിസംബറിൽ കൊടുംമഞ്ഞുള്ള കാലത്താണ് അവർ ഇത്തരത്തിൽ കൊച്ചു മരക്കൊമ്പുകൾ കൊണ്ട് വീടുകൾ അലങ്കരിച്ചിരുന്നത്. പിന്നീട് ക്രിസ്മസ് വന്നപ്പോൾ, ഈ ആചാരമായിരിക്കാം ക്രിസ്മസ് ട്രീയുടെ വരവിനു വഴിതെളിച്ചതെന്ന് കരുതപ്പെടുന്നു.
അൽസേസിലെ ആചാരം
പതിനാറാം നൂറ്റാണ്ടിൽ, ഇന്നത്തെ ഫ്രാൻസിന്റെ ഭാഗവും അന്നത്തെ ജർമ്മനിയുടെ ഭാഗമായിരുന്നതുമായ അൽസേസ് എന്ന പ്രദേശത്താണ് ഇന്ന് കാണുന്ന രീതിയിലെ ക്രിസ്മസ് ട്രീയുടെ തുടക്കമെന്ന് ചരിത്രകാരന്മാർ പറയുന്നു. അവിടത്തെ സ്ട്രാസ്ബർഗ് ദേവാലയത്തിൽ സ്ഥാപിച്ച അലങ്കരിച്ച മരം വളരെ ശ്രദ്ധിക്കപ്പെടുകയും ഓരോ വീട്ടിലും അത്തരമൊരു മരം സ്ഥാപിക്കുന്ന തരത്തിലേക്ക് പ്രചരിക്കപ്പെടുകയും ചെയ്തു. ജർമ്മൻകാർക്ക് ക്രിസ്മസ് ട്രീ എന്നത് സ്വർഗരാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായിരുന്നു. പിരമിഡ് ആകൃതിയുള്ള മരങ്ങളാണ് അവർ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ രീതി മറ്റു രാജ്യങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ സ്തൂപങ്ങളോ ആണ് ക്രിസ്മസ് ട്രീയ്ക്കായി ഉപയോഗിക്കുന്നത്
ക്രിസ്മസ് ട്രീയുടെ ഐതിഹ്യത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഏദൻ തോട്ടത്തിലെ മരമാണെന്നും അതല്ല ക്രിസ്മസ് പിരമിഡ് എന്ന മരച്ചില്ലകളാൽ അലങ്കരിച്ച, തടികൊണ്ട് നിർമ്മിച്ച രൂപത്തിന്റെ തുടർച്ചയാന്നെന്നും പറയപ്പെടുന്നു.
ഏതായാലും പല ജർമ്മൻ പ്രദേശങ്ങളിലും ഇതിന് വലിയ പ്രചാരം ലഭിച്ചു. ചിലയിടങ്ങളിൽ മരം മുറിക്കുന്നത് നിരോധിക്കേണ്ട അവസ്ഥ പോലും ഉണ്ടായി.
വിക്ടോറിയ രാജ്ഞിയുടെ ട്രീ ഫോട്ടോ
പതിനെട്ടാം നൂറ്റാണ്ടിൽ ഷാർലറ്റ് രാജകുമാരി ഇംഗ്ലണ്ടിലെ ജോർജ് മൂന്നാമനെ വിവാഹം ചെയ്തതോടെയാണ് യൂറോപ്പിലേക്ക് ക്രിസ്മസ് ട്രീ എത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇന്ന് കാണുന്ന രീതിയിൽ ക്രിസ്മസ് ട്രീക്ക് പ്രാധാന്യം ലഭിക്കാൻ കാരണം ഒരു ചിത്രമാണ്. വിക്ടോറിയ രാജ്ഞിയും ഭർത്താവ് ആൽബർട്ട് രാജകുമാരനും മറ്റ് കുടുംബാംഗങ്ങളും ഒരു ക്രിസ്മസ് ട്രീക്കൊപ്പം നിൽക്കുന്ന ചിത്രം ' ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ് ' പ്രസിദ്ധീകരിച്ചതോടെയാണത്. അന്നത്തെ ട്രെൻഡ് സെറ്ററായിരുന്ന വിക്ടോറിയ രാജ്ഞിയുടെ സാന്നിദ്ധ്യം ഒന്നുകൊണ്ട് തന്നെ ലോകമാകെ ക്രിസ്മസ് ട്രീ ചർച്ചയായി.
അമേരിക്കയിലും ക്രിസ്മസ് ട്രീയുടെ പ്രചാരത്തിന് കാരണം ഈ ചിത്രമാണ്. ' ഗോഡീസ് ലേഡീസ് ബുക്ക് ' എന്ന പ്രസിദ്ധീകരണം മേൽപ്പറഞ്ഞ ചിത്രം ചില മാറ്റങ്ങളോടെ പ്രസിദ്ധീകരിച്ചത് വലിയ ചർച്ചയാവുകയും അമേരിക്കയിൽ തരംഗമാവുകയും ചെയ്തു.
പിരമിഡ് ആകൃതിയിലുള്ള ഈ മരങ്ങൾ പറുദീസയിലെ മരങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് ക്രിസ്ത്യാനികളുടെ വിശ്വാസം. പഴയ ക്രിസ്ത്യൻ പഞ്ചാംഗമനുസരിച്ച് ഡിസംബർ 24 ആദം, ഹവ്വമാരുടെ ദിവസമായിരുന്നത്രെ. അതുകൊണ്ട് ഈ വൃക്ഷം ഏദനിലെ നന്മതിന്മകളുടെ വൃക്ഷത്തെ സൂചിപ്പിക്കുന്നതായി അവർ കരുതി.
പല രാജ്യങ്ങൾ പല ചരിത്രങ്ങൾ
ക്രിസ്മസ് ട്രീയുടെ ചരിത്രവും ഐതിഹ്യവും വിവിധ രാജ്യങ്ങളിൽ വിവിധ തരത്തിലാണ്. ട്രീ ഒരുക്കാൻ ഓരോ രാജ്യങ്ങൾക്കും ഓരോ കാരണമുണ്ട്.
ലാത്വിയ, എസ്തോണിയ
പതിനഞ്ചാം നൂറ്റാണ്ടിൽ ഈ രാജ്യങ്ങളിൽ കച്ചവടക്കാരുടെ കൂട്ടായ്മ ഒരു മരത്തെ ആഘോഷമായി എഴുന്നള്ളിച്ചിരുന്നു. ഇതാണ് പിന്നീട് ക്രിസ്മസ് ട്രീയായി പരിണമിച്ചതെന്ന് അവർ കരുതുന്നു.
റഷ്യ
റഷ്യയിൽ മത ചിഹ്നങ്ങളെ നിരാകരിക്കുന്നതിന്റെ ഭാഗമായി ക്രിസ്മസ് ട്രീ ഉപേക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് പുതുവർഷത്തിന്റെ ഭാഗമായി ക്രിസ്മസ് ട്രീ തിരിച്ചെത്തി.
സ്വീഡൻ
സ്കാൻഡിനേവിയൻ രാജ്യങ്ങൾ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി ക്രിസ്മസിന്റെ ഇരുപതാം നാൾ ക്രിസ്മസ് ട്രീയുടെ തോരണങ്ങൾ നീക്കിയ ശേഷം വീടിന് പുറത്തേക്ക് എറിയുന്നു.
കാറ്റലോണിയ
കാറ്റലോണിയൻ രാജ്യങ്ങളിൽ പൊള്ളയായ തടിയെ അലങ്കരിക്കുന്നു. അവസാന ദിവസം കുട്ടികൾ വടി ഉപയോഗിച്ച് തടിയിൽ തല്ലുന്ന ചടങ്ങുണ്ട്. പൊള്ളയായ മരത്തിനുള്ളിൽ നിന്ന് സമ്മാനങ്ങൾ വരുമെന്നാണ് വിശ്വാസം.
ഗ്രീസ്
ഗ്രീസിൽ ക്രിസ്മസ് ബോട്ടുകളാണുണ്ടായിരുന്നത്. വീടുകളിൽ ചെറുബോട്ടുകൾ വച്ച് അലങ്കരിച്ചിരുന്നു. പിന്നീട് ക്രിസ്മസ് ടീകൾ ഈ സ്ഥാനം കയ്യടക്കി.
ചില ലോകപ്രസിദ്ധ
ക്രിസ്മസ് ട്രീകൾ
ലണ്ടൻ
ജർമ്മൻ അധിനിവേശത്തിൽ നിന്ന് അഭയം കൊടുത്തതിന്റെ ഓർമ്മയ്ക്കായി നോർവേ സമ്മാനിക്കുന്നതാണ് ട്രാഫൽഗർ സ്ക്വയറിലെ പ്രസിദ്ധമായ ട്രീ.
ന്യൂയോർക്ക്
രണ്ട് പ്രധാന ക്രിസ്മസ് ട്രീകളാണ് അമേരിക്കയിലുള്ളത്. ദേശീയ ക്രിസ്മസ് ട്രീയും റോക്ക് ഫെല്ലർ ട്രീയും. വലിയ ടൂറിസ്റ്റ് ആകർഷണമാണ് ഇവ രണ്ടും.
ക്രംലിൻ
കത്തീഡ്രൽ സ്ക്വയറിലെ കൂറ്റൻ ക്രിസ്മസ് ട്രീ ലോക പ്രസിദ്ധമാണ്. റഷ്യൻ വിപ്ലവത്തിന്റെ ഭാഗമായി നിരോധിക്കപ്പെട്ട ക്രിസ്മസ് ട്രീക്ക് പകരം 'യോൽക്ക ' എന്ന പേരിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ട്രീ സ്ഥാപിക്കപ്പെട്ടത്.
2014ൽ ഹോണ്ടുറാസിൽ 2945 പേര് അണിനിരന്ന് തീർത്തതാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ. ഇതിന് ഗിന്നസ് റെക്കാഡും ലഭിച്ചിരുന്നു. പിന്നീട് 2015ൽ മലയാളികളാണ് ഈ റെക്കാഡ് തിരുത്തിയത്. ചെങ്ങന്നൂരിൽ 4030 പേർ ചേർന്ന് ട്രീ നിർമിച്ച് പുത്തൻ റെക്കാഡിട്ടു.