kochi-kaumudi

കൊച്ചി: വിദ്വേഷവും കാലുഷ്യവും പുലർത്താതെ ഏവരെയും ഒരുമിപ്പിച്ച് കൊണ്ടുപോയി നവോത്ഥാനം സൃഷ്‌ടിക്കാൻ സാദ്ധ്യമാണെന്ന ഗുരുദേവന്റെ സന്ദേശം കാലാനുസൃതമായി ഉൾക്കൊണ്ട് പ്രവർത്തിച്ച മാദ്ധ്യമമാണ് കേരളകൗമുദിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളകൗമുദി രാഷ്‌ട്രീയം, സാമൂഹ്യനീതി, തുല്യത എന്നിവയിലൂന്നിയ ആശയങ്ങൾ ഓരോ കാലത്തും ഉന്നയിക്കേണ്ട കാര്യങ്ങൾ സംശയമില്ലാതെ ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളകൗമുദി കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ' കേരളകൗമുദിയും കൊച്ചിയും' പരിപാടിയിൽ സംസാരിക്കുകയായിരുന്നു വി.മുരളീധരൻ.

ഓരോ കാലത്തും ഉന്നയിക്കേണ്ട കാര്യങ്ങൾ സംശയമില്ലാതെ ഉന്നയിച്ചിട്ടുണ്ട് പത്രവും പത്രാധിപരും. അങ്ങനെ അവർ ഭരണാധിപന്മാരെ ഓരോ കാര്യങ്ങളിലും നേർവഴിയ്‌ക്ക് നടക്കാൻ പ്രേരിപ്പിച്ചു.അതാണ് മാദ്ധ്യമ ധർമ്മം. കേരളകൗമുദി 109 വർഷമായി അത് പാലിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിന്റെ മാ‌റ്റത്തെ ഉൾക്കൊണ്ട് കേരളത്തിനെ വഴികാണിക്കാനുള‌ള ഉത്തരവാദിത്വം കേരളകൗമുദിക്കുണ്ട്. ഇന്നത്തെ വേഗതയുടെ ലോകത്ത് മുൻകാലത്തെ പാഠങ്ങൾ ഉൾക്കൊണ്ട് ഇക്കാലത്തെ യുവാക്കളുടെ ആശയങ്ങൾ, വീക്ഷണങ്ങൾ ഇവ പങ്കുവക്കാനും, അവരുടെ വെല്ലുവിളികൾ നേരിടാൻ അവരെ പ്രാപ്‌തരാക്കാൻ കേരളകൗമുദിക്ക് സാധിക്കുമെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.

എറണാകുളം ലോക്‌സഭാംഗം ഹൈബി ഈഡൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ മുഖ്യാതിഥിയായി. ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി.സലീം, നടൻ സലീംകുമാർ, സി‌റ്റി പൊലീസ് കമ്മീഷണർ‌ വിജയ് സാഖറെ, ജില്ലാ കളക്‌ടർ എസ് സുഹാസ്, കേരളകൗമുദി ചീഫ് ന്യൂസ് എഡി‌റ്റർ ശങ്കർ ഹിമഗിരി, യൂണി‌റ്റ് ചീഫ് പ്രഭു വാരിയർ, ന്യൂസ് എഡി‌റ്റർ ടി.കെ സുനിൽകുമാർ, മിനി ആർ മേനോൻ, എസ് ജയകൃഷ്ണൻ, കൊവിഡ് കാലത്തെ മാതൃകാസേവനത്തിന് തിരഞ്ഞെടുത്ത കെ.സുരേഷ്ബാബു, ഡോ.ശ്രീദേവി, എ.എസ് ജോജി തുടങ്ങിയവരും പങ്കെടുത്തു.