p-k-kunhalikutty

കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെതിരെ പരോക്ഷവിമർശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം, പുറത്തുനിൽക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്വമുളളവരെന്നും കെ എം ഷാജി തുറന്നടിച്ചു. തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ച ലീഗ് പ്രതിനിധികൾക്ക് നാദാപുരം കുമ്മങ്കോട് ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തെ ഭ്രാന്തായി എടുക്കരുത്. ജനങ്ങൾ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങളേൽപ്പിക്കുന്ന ഉത്തരവാദിത്വമാണ് നിർവഹിക്കേണ്ടത്. അധികാരമില്ലെങ്കിൽ നിലനിൽക്കാനാവില്ല എന്ന രീതിയല്ല മുസ്ലീം ലീഗിന്റേതെന്നും കെ എം ഷാജി പറഞ്ഞു.

എം പി സ്ഥാനം രാജിവച്ച് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണണെമെന്ന് ലീഗ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകുമെന്നാണ് വിവരം.