kaumudi

തിരുവനന്തപുരം.സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ഇപ്പോൾ അജൻഡയിലില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. വിയോജിപ്പുകൾ മാറ്റിവച്ച് ഓരോ കോൺഗ്രസ് പ്രവർത്തകരും അതിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ കെ.പി.സി.സി പ്രസിഡന്റ് മാറേണ്ടതുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യും.

രാഷ്ട്രീയമായി

ജനങ്ങൾ കണ്ടില്ല

പ്രതീക്ഷയ്ക്കനുസരിച്ച് വിജയമുണ്ടായില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടായിട്ടില്ല. എന്നാൽ സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചില്ല. ജനങ്ങൾ രാഷ്ട്രീയമായി ഈ തിരഞ്ഞെടുപ്പിനെ കണ്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ സ്വാഭാവികമായി വരുന്ന ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നാക്ക സമുദായാംഗങ്ങളെ ബോധപൂർവ്വം അവഗണിച്ചിട്ടില്ല. പോരായ്മകൾ പരിഹരിക്കാനാണ് ശ്രമിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രത്യേകം ശ്രദ്ധിക്കും.

കുഞ്ഞാലിക്കുട്ടിക്ക്

സ്വാഗതം

ലോക്‌സഭാംഗമായെങ്കിലും പി.കെ.കുഞ്ഞാലിക്കുട്ടി ഒരിക്കലും കേരളത്തിൽ നിന്ന് മാറി നിന്നിട്ടില്ല. അദ്ദേഹത്തെപ്പോലെ പരിചയസമ്പന്നനായ നേതാവ് നിയമസഭയിലേക്ക് വരുന്നത് സ്വാഗതാർഹമായ തീരുമാനമാണ്. ലീഗിനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നതാണ്. അതൊരു മുഖ്യമന്ത്രി ഒരിക്കലും പറയാൻ പാടില്ലായിരുന്നു.

ഗവർണറുടെ നിലപാട് തെറ്റ്

ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ നിരാകരിക്കാൻ ഗവർണർക്ക് അധികാരമില്ല. നിയമസഭ ചേരണമെന്ന ശുപാർശ തള്ളിയ ഗവർണറുടെ നിലപാട് തെറ്റാണ്. രണ്ടാമത്തെ ശുപാർശ ഗവർണർ തള്ളില്ലെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ആദ്യം സ്വീകരിച്ച നിലപാട് ശരിയായില്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതുപോലെ നിയമസഭാ ലൗഞ്ചിൽ യോഗം വിളിച്ചു ചേർക്കണമായിരുന്നു.

നൂറുദിന പരിപാടി തട്ടിപ്പ്

ഇടതു സർക്കാരിന്റെ നൂറുദിന പരിപാടി തട്ടിപ്പാണ്. ഒരു സർക്കാരിന്റെ അവസാന കാലത്താണോ നൂറുദിന പരിപാടി നടപ്പാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും, അതിനുവേണ്ടി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്നും മത്സരിക്കുമോയെന്ന ചോദ്യത്തിനു മറുപടിയായി ഉമ്മൻചാണ്ടി വിശദീകരിച്ചു.