stray-dog

നല്ല ആഹാരം ലഭിച്ചാൽ മനുഷ്യർ തീ‌ർച്ചയായും ഭക്ഷണം തന്നയാൾക്ക് നന്ദി പറയുകയും പാചകം ചെയ്‌തയാളെ അഭിനന്ദിക്കുകയും ചെയ്യും. എന്നാൽ മിണ്ടാപ്രാണികളായ ജന്തുക്കൾക്കാണെങ്കിലോ? അവരും കഴിയുംവിധം നന്ദി സൂചിപ്പിക്കുമെന്ന് തന്നെയാണ് ഉത്തരം.അത്തരമൊരു ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ചൈനയിൽ ജിൻസ്‌ഹോങ് നഗരത്തിൽ പാർക്കിലെത്തിയ ഒരു യുവതി അവിടെക്കണ്ട തെരുവ് നായയ്ക്ക് ഭക്ഷണം നൽകി. ഭക്ഷണപ്പൊതി നീട്ടിയതും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയ നായ യുവതിക്കടുത്തെത്തി മുൻകാലുയർത്തി നിൽക്കുകയും വാലാട്ടി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു. കിട്ടിയ ഭക്ഷണം മുഴുവൻ നായ കഴിച്ചു. യുവതിയുടെ സുഹൃത്തുക്കളാണ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നായയുടെ ഈ ദൃശ്യങ്ങൾ പകർത്തിയത്.

പി‌റ്റേന്നും ഇവിടെയെത്തിയ യുവതിയെ കണ്ട് നായ അടുത്തെത്തി. എന്നാൽ ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാൻ യുവതി ശ്രമിച്ചപ്പോൾ നായ പേടിച്ച് ഓടിപ്പോയി. പിന്നീട് നായയെ കണ്ടെത്താനായില്ലെന്നാണ് വീഡിയോ പകർ‌ത്തിയവർ അറിയിച്ചത്. നായയെ പിടിക്കുന്നവർ ഇത്തരത്തിൽ ഭക്ഷണം നൽകി വശത്താക്കിയാണ് ഇവയെ പിടികൂടാറെന്നും അതിനാലാകാം നായ ഓടിമറഞ്ഞതെന്നുമാണ് കരുതുന്നത്.