
പോപ് ഇതിഹാസം മൈക്കൽ ജാക്സന്റെ സ്വപ്ന സാമ്രാജ്യമായിരുന്ന കാലിഫോർണിയയിലെ നെവർലാന്റ് ബംഗ്ലാവ് ലേലത്തിൽ സ്വന്തമാക്കി അമേരിക്കൻ കോടീശ്വരൻ. 2700 ഏക്കർ വരുന്ന തോട്ടം 161 കോടി രൂപയ്ക്ക് വാങ്ങിയത് റോൺ ബർക്കിൾ ആണ്. 12,500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും 3700 ചതുരശ്ര അടി വിസ്തീർണമുള്ള നീന്തൽക്കുളവും അടക്കമുള്ള നെവർലാന്റാണ് ലേലത്തിൽ വിറ്റത്. 15 വർഷക്കാലം ജാക്സൺ ഇവിടെയാണ് താമസിച്ചത്. അദ്ദേഹത്തിന്റെ വളർത്തു മൃഗങ്ങളും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെടെയുള്ള അത്യാഢംബര സൗകര്യങ്ങൾ നിറഞ്ഞതാണ് നെവർലാന്റ്.
നാല് വർഷം മുമ്പ് 730 കോടി രൂപയ്ക്ക് വിൽക്കാനിരുന്ന എസ്റ്റേറ്റാണ് 161 കോടി രൂപയ്ക്ക് വിറ്റത്. ഇവിടെ കോടീശ്വരൻമാർക്കുള്ള ക്ലബ് തുടങ്ങാനാണ് പദ്ധതി. എസ്റ്റേറ്റിലും ബംഗ്ലാവിലും ജാക്സന്റെ ആത്മാവ് തങ്ങിനിൽക്കുന്നു എന്ന പ്രചാരണമാണ് നെവർലാൻഡിന്റെ വില ഇടിയാൻ കാരണം.
1982 ലാണ് ബംഗ്ലാവ് നിർമ്മിച്ചത്. കൊളോണിയൽ ശൈലിയുടെ പ്രൗഢി നിറയുന്ന പുറംകാഴ്ചയും അകത്തളങ്ങളും വിശാലമായി പരന്നുകിടക്കുന്ന ഉദ്യാനങ്ങളുമാണ് ബംഗ്ലാവിന്റെ സവിശേഷത. നാലേക്കറിൽ ഒരു കൃത്രിമ തടാകവും ഒരുക്കിയിട്ടുണ്ട്. ബംഗ്ലാവിൽ ആറ് ബെഡ്റൂമുകളാണുള്ളത്. സമീപത്തായൊരു പൂൾ ഹൗസും നിർമിച്ചിട്ടുണ്ട്. കൂടാതെ, മൂന്ന് അതിഥി മന്ദിരങ്ങൾ ഇവിടെയുണ്ട്.
2005 ൽ 100 മില്യൻ ഡോളറിനാണ് ബംഗ്ലാവ് വിൽപനയ്ക്ക് വച്ചിരുന്നത്. വാങ്ങാൻ ആളില്ലാതായതോടെ പല തവണകളായി വില കുറയ്ക്കുകയായിരുന്നു. ഇതിനിടെ 2009 ലായിരുന്നു ജാക്സന്റെ മരണം.
ഇതോടെ ബംഗ്ലാവിനു കൂടുതൽ മാദ്ധ്യമ ശ്രദ്ധ ലഭിക്കുകയും വിപണി മൂല്യം ഉയരുകയും ചെയ്തു. എന്നാൽ, മൈക്കിൾ ജാക്സന്റെ 'പ്രേതം' ഇവിടെ ഗതി കിട്ടാതെ അലയുകയാണെന്ന പ്രചാരണത്തെ തുടർന്ന് വാങ്ങാനെത്തിയവർ പിൻമാറുകയായിരുന്നു. 2017ൽ 67 മില്യൻ ഡോളറായി വില വെട്ടിച്ചുരുക്കിയിട്ടും ആളെത്താത്തതിനാൽ 22 മില്യൻ ഡോളറിനാണ് വിൽപന നടന്നത്.