
തിരുവനന്തപുരം: കാരക്കോണത്ത് ഷോക്കേറ്റ് മരിച്ച ത്രേസ്യാപുരം സ്വദേശിനി ശാഖാകുമാരി (51) യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവായ ബാലരാമപുരം സ്വദേശി അരുൺ(28) കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഷോക്കേറ്റെന്ന് പറഞ്ഞാണ് അരുൺ ശാഖയെ കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചത്. വീട്ടിൽ വച്ച് ഷോക്കേറ്റു എന്നായിരുന്നു അരുൺ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ മരണം സംഭവിച്ചു എന്ന് മനസ്സിലാക്കിയ ഡോക്‌ടർമാർ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് എത്തി അരുണിനെ കസ്‌റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഇവരുടെ വീട്ടിലെത്തിയ ഫോറൻസിക് സംഘം പരിശോധന നടത്തി. രണ്ട് മാസം മുൻപ് വിവാഹിതരായ ശാഖാ കുമാരിയും അരുണും തമ്മിൽ സംഭവദിവസം തർക്കമുണ്ടാകുകയും തുടർന്ന് ശാഖാകുമാരിയെ ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസിനോട് അരുൺ സമ്മതിച്ചു.
ശാഖയുടെ മരണം കൊലപാതകമാണെന്നും ശാഖ കിടന്നയിടത്ത് രക്തക്കറ കണ്ടതായും വീടിന് പുറത്തുളള മീറ്ററിൽ ഘടിപ്പിച്ച നിലയിൽ കേബിൾ മൃതദേഹം കിടന്നയിടത്ത് കണ്ടെത്തിയെന്നും ശാഖകുമാരിയുടെ സഹോദരന്റെ ഭാര്യ ഗ്രേസി മുൻപ് അഭിപ്രായപ്പെട്ടിരുന്നു.