
ഭോപ്പാൽ: ഉത്തർപ്രദേശിന് പിന്നാലെ മതപരിവർത്തനത്തിനെതിരായ ബില്ല് പാസാക്കി മദ്ധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് പുതിയ ബില്ലിന് അംഗീകാരം നൽകിയത്. ധർമ്മ സ്വതന്ത്ര്യ (മതസ്വാതന്ത്ര്യ) എന്ന ബില്ല് പാസായാൽ നിർബന്ധിത മതപരിവർത്തനത്തിന് പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കും.
ബില്ലനുസരിച്ച് ഒരാളെ മതപരിവര്‍ത്തനം ചെയ്യാൻ നിർബന്ധിക്കുന്നത് അഞ്ച് വർഷം തടവും 25000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പ്രായപൂർത്തിയാകാത്ത ആളുകൾ, സ്ത്രീകൾ, പട്ടിക ജാതി - പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചാൽ രണ്ട് മുതൽ പത്ത് വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.
വിവാഹത്തിനായി മാത്രമുള്ള നിർബന്ധിത മതപരിവർത്തനങ്ങൾ ഉൾപ്പെടെ മതപരിവർത്തന വിഷയത്തിൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതെയിരിക്കാനും സാധാരണക്കാരായ പെൺകുട്ടികളെ സംരക്ഷിക്കാനുമാണ് പുതിയ ബില്ല് കൊണ്ടുവന്നിരിക്കുന്നതെന്ന് മദ്ധ്യപ്രദേശ് സർക്കാർ പറയുന്നു. അതേ സമയം, ഇഷ്ടപ്രകാരം മതപരിവർത്തനം നടത്തുന്നയാൾ മതപരിവര്‍ത്തനത്തിനായി ഏത് പുരോഹിതനെയാണോ സമീപിക്കുന്നത് അവർ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം എന്ന് ബില്ലിൽ പരാമർശിക്കുന്നുണ്ട്.