
ഹൈദരാബാദ്: രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് ക്രിസ്‌മസ് ദിനത്തിൽ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് സൂപ്പർതാരം രജനികാന്ത് ആശുപത്രിയിൽ തുടരും. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ സാധാരണനിലയിൽ ആയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും രക്തസമ്മർദ്ദം സാധാരണനിലയിലാകുന്നതോടെ രജനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
രജനിയുടെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ സെറ്റിൽ എട്ടു പേർക്ക് കൊവിഡ് ബാധിച്ചതിനാൽ ഷൂട്ടിംഗ് നിറുത്തിവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ 22ന് രജനികാന്തിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
തുടർന്ന് സമ്പർക്കവിലക്കിൽ പോയ താരം നിരീക്ഷണത്തിലായിരുന്നു. നിലവിൽ അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടതിനാൽ കൂടുതൽ നിരീക്ഷണത്തിലാണെന്നും അപ്പോളോ ഹോസ്പിറ്റൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ശിവ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ അണ്ണാത്തെ’ യുടെ ചിത്രീകരണം ലോക്ക്ഡൗണിന് ശേഷം ഡിസംബർ രണ്ടാംവാരമാണ് പുനഃരാരംഭിച്ചത്. ഈമാസം 31ന് തന്റെ രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുമെന്നാണ് രജനികാന്ത് അറിയിച്ചിരിക്കുന്നത്. അതിനുമുമ്പായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. ഇനി പൊങ്കലിന് ശേഷം ചിത്രീകരണം വീണ്ടും തുടങ്ങാനാണ് സാദ്ധ്യത.
70 പിന്നിട്ട രജനികാന്തിന് പരിപൂർണ വിശ്രമം ആവശ്യമാണെന്നും ഒരു കാരണവശാലും സന്ദർശകരെ അനുവദിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി രജനിയോട് ഫോണിൽ സംസാരിച്ചു.