border

ന്യൂഡൽഹി: ജമ്മു കാശ്‌മീരിലൂടെയും പഞ്ചാബിലൂടെയുമാണ് ഇതുവരെയുള‌ള കാലങ്ങളിൽ പാകിസ്ഥാനിൽ നിന്നുള‌ള ഭീകരർ നുഴഞ്ഞുകയറിയിരുന്നത്. എന്നാൽ അവരിപ്പോൾ വഴി അൽപം മാ‌റ്റിപ്പിടിക്കുന്നതായാണ് അതിർത്തി രക്ഷാ സേനയുടെ കണ്ടെത്തൽ. ഗുജറാത്തിലൂടെയും രാജസ്ഥാനിലൂടെയും ഇന്ത്യയിലെത്താൻ പാക് ഭീകരർ പുതുവഴികൾ തേടുകയാണ്. എന്നാൽ ഓരോ ശ്രമങ്ങളും ബി.എസ്.എഫ് പരാജയപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരം സംഭവങ്ങളെ നിരീക്ഷിച്ച് അതിർത്തി രക്ഷാ സേന തയ്യാറാക്കിയ വിവരങ്ങളിലാണ് ഈ സംസ്ഥാനങ്ങളിലൂടെയുള‌ള അതിർത്തി നുഴഞ്ഞുകയറ്റം വർദ്ധിച്ചതായുള‌ള കണക്കുകളുള‌ളത്.

'കഴിഞ്ഞ വർഷം ഇവിടങ്ങളിൽ ഒരു നുഴഞ്ഞുകയ‌റ്റം പോലുമുണ്ടായിരുന്നില്ല.' ബി.എസ്.എഫ് അധികൃതർ പറയുന്നു.കാശ്‌മീർ അതിർത്തിയിൽ ഈ വർഷം നവംബർ വരെ ഒരു നുഴഞ്ഞുകയ‌റ്റ ശ്രമം മാത്രമാണ് നടന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഇത് നാലെണ്ണമായിരുന്നു.

ഓഗസ്‌റ്റ്, സെപ്‌തംബർ മാസങ്ങളിലാണ് ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളിൽ നുഴഞ്ഞുകയ‌റ്റം റിപ്പോർട്ട് ചെയ്‌തത്. പലവഴികളിലൂടെ നുഴഞ്ഞുകയ‌റ്റക്കാരെ ഇന്ത്യയിലെത്തിക്കാൻ പാകിസ്ഥാൻ ശ്രമിക്കുകയാണ്. എന്നാൽ 24 മണിക്കൂറും തുടരുന്ന ബി.എസ്.എഫിന്റെ ശക്തമായ നിരീക്ഷണം ഓരോ തവണയും അത്തരം ശ്രമങ്ങൾ പരാജയപ്പെടുത്തി.

ജമ്മു-പഞ്ചാബ് അതിർത്തികളിൽ ഇതുവരെ നാല് വീതം നുഴഞ്ഞുകയ‌റ്റമാണ് നടന്നത്. എന്നാൽ നവംബർ മാസം മുതൽ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജമ്മു കാശ്‌മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ പതിനൊന്ന് നുഴഞ്ഞുകയ‌റ്റ ശ്രമമുണ്ടായി. നവംബർ മാസത്തിൽ കാശ്‌മീരിലെ സാംബയിൽ 150 മീ‌റ്റർ നീളമുള‌ള തുരങ്കം ബിഎസ്എഫും ജമ്മു കാശ്‌മീർ പൊലീസും കണ്ടെത്തിയിരുന്നു.