
ശബരിമല: തങ്കഅങ്കി ചാർത്തിയ അയ്യപ്പ വിഗ്രഹവും ഭക്തിസാന്ദ്രമായ മണ്ഡലപൂജയും സുകൃത ദർശനമായി. ഭക്തർ മലയിറങ്ങിയതോടെ ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി. ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന തങ്കയങ്കി വെള്ളിയാഴ്ച വൈകിട്ടുതന്നെ ഘോഷയാത്രയായി കൊണ്ടുവന്നിരുന്നു. കൊടിമരച്ചുവട്ടിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു, ദേവസ്വം കമ്മിഷണർ ബി.എസ്. നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ചു. തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി.കെ. ജയരാജ് പോറ്റിയും ചേർന്ന് പേടകം ശ്രീകോവിലേക്ക് ഏറ്റുവാങ്ങി. സന്ധ്യയ്ക്ക് തങ്കയങ്കി ചാർത്തി ദീപാരാധന നടത്തി.
ഇന്നലെ ഉച്ചയ്ക്ക് 11.40 നും 12.20 നും മദ്ധ്യേയുള്ള മീനംരാശി മുഹൂർത്തത്തിലായിരുന്നു തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. ഇന്നലെ രാവിലെ ഒൻപതരയോടെ നെയ്യഭിഷേകം അവസാനിപ്പിച്ചു. തുടർന്ന് 25 കലശമാടിയശേഷം കളഭാഭിഷേകം നടത്തി. തിരുനട അടച്ച് തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലും മേൽശാന്തി വി. കെ. ജയരാജ് പോറ്റിയുടെ സഹകാർമ്മികത്വത്തിലും മണ്ഡലപൂജയും ഉച്ചപൂജയും ഒന്നിച്ചു നടത്തി നടതുറന്ന് ആരതി ഉഴിഞ്ഞു. അയ്യപ്പന്റെ പൂങ്കാവനം ശരണാരവങ്ങളാൽ മുഖരിതമായി.
ഇന്നലെ രാത്രി ഒൻപതുമണിയോടെ അയ്യപ്പസ്വാമിയെ ധ്യാനനിദ്ര യിലാക്കി യോഗദണ്ഡും ജപമാലയും അണിയിച്ച് ഹരിവരാസനം പാടി നട അടച്ചു.മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് നടതുറക്കും. 31ന് പുലർച്ചെമുതൽ മാത്രമേ ദർശനമുള്ളൂ.