
ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലുള്ള ചിലർക്ക് തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങൾ എന്താണെന്ന് പഠിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് മോദി പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യമില്ലെന്നും മോദിയ്ക്കെതിരെ നിൽക്കുന്നതാരാണെങ്കിലും, അത് ആർ.എസ്.എസ് തലവൻ മോഹൻ ഭഗ്‌വത് ആണെങ്കിൽ പോലും ഭീകരരായി മുദ്രകുത്തുമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് മോദിയുടെ കടന്നാക്രമണം.
' ഡൽഹിയിലുള്ള ചിലയാളുകൾ എപ്പോഴും എന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ പാഠങ്ങൾ അവർക്ക് എന്നെ പഠിപ്പിക്കണം. ജമ്മു കാശ്മീർ ജില്ലാ വികസന കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഉദാഹരണമായി അവരെ കാണിക്കാൻ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ' കാശ്മീർ നിവാസികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് സ്കീമായ ആയുഷ്മാൻ ഭാരത് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞു.
' ചില രാഷ്ട്രീയ ശക്തികൾ ജനാധിപത്യത്തെ പറ്റി ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ അവർക്ക് തട്ടിപ്പും കാപട്യവും മാത്രമാണുള്ളത്. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും പുതുച്ചേരി ഭരിക്കുന്ന പാർട്ടിയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ കേന്ദ്ര ഭരണ പ്രദേശമായി കഴിഞ്ഞതിന് ഒരുവർഷത്തിനുള്ളിൽ ജമ്മു കാശ്മീരിൽ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞിരിക്കുന്നു. ' മോദി പറഞ്ഞു.
ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വേരുകളെ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞ മോദി എട്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച പൗരന്മാരെ അഭിനന്ദിക്കുകയുെ ചെയ്തു. ജമ്മു കാശ്മീരിലെ 20 ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ഫാറുഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഗുപ്കർ സഖ്യം 13 ജില്ലകൾ നേടി. അതേ സമയം ബി.ജെ.പി ആറ് ജില്ലകൾ നേടി.