27-sankar-varma

പന്തളം: മകരസംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിലെ ശങ്കർവർമ്മ (56) പന്തളം വലിയ തമ്പുരാൻ പി.രാമവർമ്മരാജയുടെ പ്രതിനിധിയാകും. തിരുവാഭരണ മാളികയിൽ നടന്ന ചടങ്ങിൽ കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർവർമ്മ, സെക്രട്ടറി പി.എൻ.നാരായണവർമ്മ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. ശ്രാമ്പിക്കൽ കൊട്ടാരത്തിൽ അംബ തമ്പുരാട്ടിയുടെയും കോട്ടയം കാഞ്ഞിരക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ഇളയ മകനാണ് ശങ്കർവർമ്മ. കെ.എസ്.ഇ.ബിയിൽ സീനിയർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറായി വിരമിച്ച അദ്ദേഹം കേരള ക്ഷത്രിയക്ഷേമസഭയുടെ തൃശൂർ മേഖലാ സെക്രട്ടറിയാണ്.കൊച്ചിയിൽ ഇളംകുന്നപ്പുഴ നടക്കൽ കോവിലകം അംഗവും ഇരിങ്ങാലക്കുട ഗവ.ജനറൽ ആശുപത്രിയിലെ ഡെന്റൽ സിവിൽ സർജനുമായ ഡോ.ബിന്ദുവർമ്മയാണ് ഭാര്യ. ആര്യ അരവിന്ദ്, അജയ് എസ്.വർമ്മ എന്നിവരാണ് മക്കൾ. മരുമകൻ- അരവിന്ദ്. പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണവർമ്മ ,പി. ജയലക്ഷ്മി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, ശ്രീലത തമ്പുരാട്ടി, മുൻ രാജപ്രതിനിധി പരേതനായ ആർ. കേരളവർമ്മ എന്നിവർ സഹോദരങ്ങളാണ്.