
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ ഔഫിനെ (28) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പ്രതികൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി സെക്രട്ടറി കല്ലൂരാവിയിലെ ഇർഷാദ്(29), എം.എസ്.എഫ് യൂണിറ്റ് സെക്രട്ടറി കല്ലൂരാവിയിലെ ഹസൻ (27), കല്ലൂരാവി മുണ്ടത്തോട് സ്വദേശി ആഷിർ (26) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരമാണെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പറഞ്ഞു.
സംഭവദിവസം രാത്രി കല്ലൂരാവിയിൽ സംഘർഷം ഉണ്ടായിരുന്നില്ലെന്നും പ്രതികൾ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്ന് കാത്തിരുന്നശേഷം കൃത്യം നടത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.
ഇർഷാദിനെ വെള്ളിയാഴ്ച ഉച്ചയ്ക്കും മറ്റ് രണ്ട് പ്രതികളെ രാത്രി വൈകിയുമാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ പിറ്റേന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത യൂത്ത് ലീഗ് പ്രവർത്തകൻ ഇസ്ഹാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ചോദ്യം ചെയ്യലിൽ താനാണ് കുത്തിയതെന്ന് ഇർഷാദ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇർഷാദിനെ കൊലപാതകത്തിൽ സഹായിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഹസനും ആഷിറും അറസ്റ്റിലായത്.
അതേസമയം, പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇസ്ഹാഖിന് നേരിട്ട് പങ്കില്ലെന്നും പൊലീസ് പറഞ്ഞു. ഹൃദയധമനിക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് ഔഫിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കാസർകോട് അഡിഷണൽ എസ്.പി സേവ്യർ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ് എന്നിവരുടെ മേൽനോട്ടത്തിൽ ചീമേനി ഇൻസ്പെക്ടർ അനിൽകുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഔഫിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടു
ഔഫ് അബ്ദുൾ റഹ്മാന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.അമ്മാവൻ ഹുസൈൻ മൗലവിയും മറ്റു ബന്ധുക്കളുമാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദീകരിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരൻ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരൻ, ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഔഫ് വധത്തിൽ രാഷ്ട്രീയ ഗൂഢാലോചന: മന്ത്രി ജലീൽ
ഔഫ് അബ്ദുൾറഹ്മാൻ വധത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഇന്നലെ രാവിലെ ഔഫിന്റെ കല്ലൂരാവിയിലെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മുസ്ലിംലീഗാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ.തദ്ദേശ ഭരണതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പേരിലാണ് കല്ലൂരാവിയിൽ സംഘർഷം ഉടലെടുത്തതും ഔഫ് എന്ന ചെറുപ്പക്കാരൻ ലീഗിന്റെ കൊലക്കത്തിക്കിരയാവുകയും ചെയ്തത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ ഇടതുപക്ഷത്തിനേ കഴിയൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായത് അതുകൊണ്ടാണ്. പിണറായിവിജയൻ എന്ന എൽ.ഡി.എഫ് യാഗാശ്വത്തെ പിടിച്ചുനിറുത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ നഗരസഭാ ചെയർമാൻ വി.വി. രമേശനൊപ്പമാണ് മന്ത്രി വീട് സന്ദർശിച്ചത്.
ഔഫ് അബ്ദുൾ റഹ്മാൻ വധം: അന്വേഷണം ക്രൈംബ്രാഞ്ചിന്
എൻ.കെ.ഗംഗാധരൻ
ഔഫ്അബ്ദുൾ റഹ്മാൻ  കൊലചെയ്യപ്പെട്ട കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കേസിൽ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാൻഡ് ചെയ്ത യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് (24),എം.എസ്.എഫ് നേതാവ് ഹസൻ (25),യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ (24) എന്നിവരെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങും.കൊലയ്ക്കുപയോഗിച്ച കത്തിയുൾപ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ ഇർഷാദിനെ മംഗളൂരു ആശുപത്രിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകം ആസൂത്രിതമാണെന്ന ആക്ഷേപത്തെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. സംഭവത്തിൽ നേരിട്ട് ബന്ധമുള്ള മൂന്നു പേരാണ് അറസ്റ്റിലായത്.