
കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ്അബ്ദുൾ റഹ്മാന്റെ വീട്ടിൽ മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തി. എന്നാൽ തങ്ങൾക്കൊപ്പം എത്തിയ ലീഗ് നേതാക്കളെ പ്രതിഷേധവുമായെത്തിയ നാട്ടുകാർ തടഞ്ഞു.
തങ്ങളെയല്ലാതെ മറ്റാരെയും വീട്ടിലേക്ക് കയറ്റിവിടില്ലെന്ന നിലപാടിനെ തുടർന്ന് കാറിൽ നിന്നിറങ്ങി അൽപ്പദൂരം നടന്നാണ് മുനവ്വറലി തങ്ങൾ ഔഫിന്റെ വീട് സന്ദർശിച്ചത്. യൂത്ത്ലീഗ് പ്രവർത്തകരാണ് ഔഫിന്റെ കൊലയ്ക്ക് പിന്നിലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തങ്ങൾ പറഞ്ഞു. ഔഫിന്റെ കൊലപാതകത്തെ മുസ്ലിംലീഗ് ശക്തമായി അപലപിക്കുന്നു. കുറ്റകൃത്യത്തിലുൾപ്പെട്ടവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. കേസിൽ സമഗ്രാന്വേഷണം വേണമെന്നും ഉന്നതതല ഗൂഢാലോചന നടന്നെന്ന കെ. ടി. ജലീലിന്റെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് നേതാക്കളായ കെ.എം. അഷ്‌റഫ്, അഷ്‌റഫ്എടനീർ, ടി .ഡി. കബീർ, എ.പി. ഉമ്മർ എന്നിവർക്കൊപ്പമായിരുന്നു മുനവ്വറലി തങ്ങൾ എത്തിയത്.