
പാരിസ്: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ഫ്രാൻസ് സ്പെയിൻ ഉൾപ്പടെ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. യൂറോപ്യൻ മേഖലയിലെ 8 രാജ്യങ്ങളിൽ ഇപ്പോൾ പുതിയ കൊവിഡ് വൈറസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിലെ സംരക്ഷണ നടപടി ശക്തിപ്പെടുത്തും. സാമൂഹിക അകലം, മാസ്ക് എന്നിവ തുടരണം. പുതിയ വൈറസിന് മുന്നത്തെക്കാൾ വ്യാപനശേഷി കൂടുതലാണ്:- ഡബ്യൂ.എച്ച്.ഒ യൂറോപ്യൻ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് ട്വിറ്ററിലൂടെ അറിയിച്ചു.
ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ഫ്രാൻസ് സ്പെയിൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചതോടെ രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 19ന് ബ്രിട്ടണിൽ നിന്നും ഫ്രാൻസിൽ തിരിച്ചെത്തിയ ഫ്രഞ്ച് പൗരനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇദ്ദേഹം രോഗലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ലെന്നും നിലവിൽ വീട്ടി.തന്നെ സ്വയം നിരീക്ഷണത്തിലായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. 21ന് ഇദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കണ്ടെത്തുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കൊവിഡ്ഭീതി നിലനിൽക്കുന്നതിനാൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് രാജ്യം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാജ്യാതിർത്തി കടന്നുള്ള ക്രിസ്മസ് ഷോപ്പിങ്ങ് തടയാൻ അതിർത്തി രാജ്യങ്ങൾ അടച്ചിരുന്നു. ബ്രിട്ടണിൽ പുതിയ കൊവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ 50ഓളം രാജ്യങ്ങളാണ് ബ്രിട്ടണിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, ഇറ്റലിയിൽ ദേശീയ ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്. ജർമ്മനിയിൽ ജനുവരി 10വരെ ആവശ്യസാധനങ്ങളുടെ ഷോപ്പുകൾ മാത്രമേ പ്രവർത്തിക്കുകയുള്ളു. ദക്ഷിണാഫ്രിക്കയിൽ ആഘോഷങ്ങളുടെ ഭാഗമായി ആൾക്കൂട്ടം പാടില്ലെന്നും സിഡ്നിയിൽ കൊവിഡ് വ്യാപനം തടയാൻ ജനങ്ങൾ അധികം പുറത്തിറങ്ങരുതെന്നും ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് പടരുമ്പോഴും നിലവിൽ ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 8 കോടി കടന്നു. 17.61 ലക്ഷമായാണ് ഉയർന്നു. ഒപ്പം രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച്കോടി പിന്നിട്ടു. രോഗികളുടെ എണ്ണത്തിൽ അമേരിക്ക ഇന്ത്യ, ബ്രിട്ടൺ എന്നീ രാജ്യങ്ങളാണ് മുന്നിൽ നിൽക്കുന്നത്.
മൊഡേണ വാക്സിൻ സ്വീകരിച്ച യു.എസിലെ ഡോക്ടർ തലചുറ്റിവീണു. ബോസ്റ്റൺ മെഡിക്കൽ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ. ഹുസൈൻ സദ്രാസദെയ്ക്കാണ് ഗുരുതരമായ അലർജിപ്രശ്നങ്ങൾ കണ്ടെത്തിയത്. കടൽ മത്സ്യങ്ങൾ കഴിക്കുമ്പോൾ ചിലരിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾക്ക് സമാനമാണ് ഡോക്ടറിലും കണ്ടെത്തിയത്. വാക്സിൻ സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹം തലചുറ്റിവീഴുകയായിരുന്നു. ഹൃദയമിടിപ്പ് വർദ്ധിച്ചതേടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസത്തിന് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
സൗദി കരീടാവകാശി വാക്സിൻ സ്വീകരിച്ചു.
സൗദി അറോബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി സൗദി മാദ്ധ്യമങ്ങൾ അറിയിച്ചു. വാക്സിൻ ലഭിച്ച ചുരുക്കം ലോകനേതാക്കളിൽ ഒരാളാണ് സൗദി കിരീടാവകാശി. കഴിഞ്ഞ ആഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തത്സമയ ടെലിവിഷനിൽ വാക്സിനേഷൻ നൽകി. ഈ ആഴ്ച ആദ്യം, അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ കൊറോണ വൈറസ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.