
ശബരിമല :മകരവിളക്ക് മഹോത്സവത്തിന് ദിവസവും അയ്യായിരം തീർത്ഥാടകർക്ക് ദർശനം അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ രോഗവ്യാപനം ഉണ്ടാകുമോയെന്ന ആശങ്ക ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. തീർത്ഥാടനകാലം തുടങ്ങിയ ശേഷം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഡിസംബർ 24 വരെ 390 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 96 പേരെ നിലയ്ക്കലിൽ നിന്ന് തിരിച്ചയച്ചു. 289 ജീവനക്കാർക്കാണ് കൊവിഡ് പിടിപെട്ടത്. ആർ.ടി.പി. സി.ആർ, ആർ. ടി ലാമ്പ്, എക്സ്‌പ്രസ് നാറ്റ് എന്നിവയിലേതെങ്കിലും പരിശോധന നടത്തി നെഗറ്റീവാകുന്നവരെയാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. മണ്ഡലകാലം ആരംഭിച്ച് 39 ദിവസം പിന്നിട്ടപ്പോൾ 71,706 ഭക്തർ ദർശനം നടത്തി. 9,09,14,893 രൂപയാണ് മണ്ഡലകാലത്തെ നടവരുമാനം. കഴിഞ്ഞതവണ 156.60 കോടി രൂപയായിരുന്നു. മകരവിളക്ക് വരെ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് പൂർത്തിയായി.
ശബരിമല ദർശനത്തിനുള്ള വെർച്വൽക്യൂ സംവിധാനം തിരുപ്പതി, ഗുരുവായൂർ ദേവസ്വങ്ങളുടെ മാതൃകയിൽ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടപ്പാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ സുധീഷ്, ചീഫ് എൻജിനിയർ കൃഷ്ണകുമാർ, ഡെപ്യൂട്ടി എൻജിനിയർ അജിത്ത് കുമാർ, ഫെസ്റ്റിവെൽ കൺട്രോളർ പദ്മകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.