love-johad

ഭോപ്പാൽ: ഉത്തർപ്രദേശിന് പിന്നാലെ മദ്ധ്യപ്രദേശ് മന്ത്രിസഭയും നിർബന്ധിത മതപരിവർത്തനത്തിന് പത്തു വർഷം തടവുശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കി.

മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനാണ് 'ധർമ സ്വാതന്ത്ര്യ ബിൽ 2020' (മത സ്വാതന്ത്ര്യ ബിൽ) മന്ത്രിസഭയിൽ അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണിത് പാസാക്കിയത്. ഈ മാസം ചേരുന്ന നിയമസഭയിൽ ബിൽ അവതരിപ്പിക്കും. ബില്ലിന് അംഗീകാരം ലഭിച്ചാൽ പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗത്തിൽപ്പെട്ടവർ എന്നിവരെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതാണെന്ന് തെളിഞ്ഞാൽ പത്തു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. തെളിവ് ഹാജരാക്കാനുള്ള ഉത്തരവാദിത്വം കുറ്റാരോപിതർക്കാണ്. സംഘടനകളും സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. മതപരിവർത്തനം ലക്ഷ്യമിട്ടുകൊണ്ടുളള വിവാഹങ്ങൾ അസാധുവായി പരിഗണിക്കും.

നിയമം വരുന്നതോടെ യഥാർത്ഥത്തിൽ മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുവർ രണ്ടുമാസം മുമ്പ് ജില്ലാ ഭരണകൂടത്തിന് മുമ്പാകെ അപേക്ഷ സമർപ്പിക്കണം. അല്ലാത്തപക്ഷം പുതിയ നിയമപ്രകാരം വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ല. മാസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശ് സർക്കാർ സമാനമായ നിയമം പാസാക്കിയിരുന്നു.

തെറ്റിദ്ധരിപ്പിച്ചോ വിവാഹത്തിലൂടെയോ വശീകരിച്ചോ ഭീഷണിപ്പെടുത്തിയോ മതപരിവർത്തനം നടത്തുന്നത് തടയുക എന്ന ലക്ഷ്യമാണ് ബില്ലിനുള്ളത്.

ഇപ്പോൾ നടക്കുന്ന മതപരിവർത്തനങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുള്ളതായി സംശയിക്കുന്നു. ഏതെങ്കിലും പഞ്ചായത്തിന്റെ ഭരണം പിടിക്കണമെങ്കിൽ അവിടെയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് മതം മാറ്റി മത്സരിപ്പിക്കുകയാണ് ചെയ്യുന്നത്. നിഷ്‌കളങ്കരായ പെൺകുട്ടികൾക്ക് മേലിൽ ഇതു സംഭവിക്കാൻ അനുവദിക്കില്ല.

-മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ