
പാട്ന: ബീഹാറിൽ തോളോട് തോൾ ചേർന്ന് സഖ്യം പുലർത്തുന്ന ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് അരുണാചൽ പ്രദേശിൽ വൻ തിരിച്ചടി.
നിതീഷിന്റെ ജനതാദൾ യുണൈറ്റഡിന്റെ (ജെ.ഡി.യു) അരുണാചലിലെ ഏഴ് എം.എൽ.എമാരിൽ ആറു പേരും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഇതോടെ 60 അംഗ നിയമസഭയിൽ ജെ.ഡി.യുവിന് ഒറ്റ എം.എൽ.എ മാത്രമായി. നിയമസഭയിൽ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉൾപ്പെടെ എൻ.ഡി.എ പക്ഷത്ത് 48 എം.എൽ.എമാരായി.
ജെ.ഡി.യു എം.എൽ.എമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്‌റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോർജീ വാമ്ങ്ഡി ഖർമ എന്നിവരാണ് പാർട്ടി വിട്ടത്. ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷനോട് ചർച്ച ചെയ്യാതെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തതിനെ തുടർന്ന് ഇവരിൽ മൂന്ന് പേരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സസ്പെൻഡ് ചെയ്തിരുന്നു.
ഏഴു സീറ്റുകൾ നേടിയതിനെ തുടർന്ന് ജെ.ഡി.യുവിന് കഴിഞ്ഞ വർഷമാണ് അരുണാചലിൽ സംസ്ഥാന പാർട്ടി പദവി ലഭിച്ചത്.
ബി.ജെ.പിയുടെ നടപടി കടുത്ത വിശ്വാസ വഞ്ചനയാണ്. ഉടൻ നടക്കാനിരിക്കുന്ന പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയാകും.
-ജെ.ഡി.യു
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെയും പ്രധാനമന്ത്രിയുടെയേയും വികസന നയങ്ങളിൽ വിശ്വാസമർപ്പിച്ചാണ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് വന്നത്.
-സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ ബിയുറാം വാഹെ