
തിരുവനന്തപുരം: കാരക്കോണം സ്വദേശിയായ 51കാരി ശാഖ കുമാരിയും യുവാവായ ഭർത്താവ് അരുണും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങളെ കുറിച്ച് വിശദീകരിച്ച് ദമ്പതികളുടെ വീട്ടിൽ കാര്യസ്ഥനായി ജോലി നോക്കുന്ന വിജയകുമാർ.
ശാഖയും 26കാരനായ താനും തമ്മിലുണ്ടായിരുന്ന പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നുവെന്നും ഇതുകാരണം ശാഖയോട് അരുൺ തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വിജയകുമാർ വ്യക്തമാക്കുന്നു.
എന്നാൽ ശാഖ ഇതിനു തയ്യാറായിരുന്നില്ല എന്നാണു വിജയകുമാർ പറയുന്നത്. ഏകദേശം രണ്ടുമാസം മുൻപ് മാത്രമാണ് അരുൺകുമാർ ശാഖയെ വിവാഹം കഴിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശാഖ മരണപ്പെട്ടത്. ഷോക്കടിച്ചതാണ് മരണകാരണമെന്നാണ് അരുൺ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
എന്നാൽ ശാഖയുടെ മൃതദേഹം പരിശോധിച്ച ഡോക്ടർമാർ ഇക്കാര്യത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അരുൺ സമ്മതിക്കുകയായിരുന്നു.