mohan-bhagawath

കോഴിക്കോട്: കേസരി വാരിക നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെയും മാദ്ധ്യമ പഠനഗവേഷണകേന്ദ്രത്തിന്റെയും ഉദ്ഘാടനം 29ന് രാവിലെ 10ന് ആ‌ർ.എസ്.എസ് സംഘചാലക് ഡോ.മോഹൻ ഭാഗവത് നിർവഹിക്കും. കേസരിയുടെ ചാലപ്പുറത്തെ ആസ്ഥാനമന്ദിരം പൊളിച്ച് തത്‌സ്ഥാനത്താണ് 20 കോടി രൂപ ചെലവിൽ മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. പത്രപ്രവർത്തന പഠനകേന്ദ്രം, ആധുനിക ഡിജിറ്റൽ സൗകര്യങ്ങളോടെയുള്ള ലൈബ്രറി, കോൺഫറൻസ് ഹാൾ തുടങ്ങിയവ സജ്ജമാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

രാവിലെ 8.45ന് വയലിൻ കച്ചേരിയോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ ഞെരളത്ത് ഹരിഗോവിന്ദൻ സോപാനസംഗീതം അവതരിപ്പിക്കും. കേസരി വാരിക മുഖ്യ പത്രാധിപർ ഡോ.എൻ.ആർ.മധു ആമുഖപ്രഭാഷണം നടത്തും. സാഹിത്യകാരൻ പി.ആർ. നാഥൻ അദ്ധ്യക്ഷത വഹിക്കും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമിചിദാനന്ദപുരി, ആർ.എസ്.എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആർ.ഹരി എന്നിവർ പ്രഭാഷണം നടത്തും. കുരുക്ഷേത്ര പ്രകാശൻ, കേസരി പബ്ലിക്കേഷൻസ് എന്നിവ പ്രസിദ്ധീകരിക്കുന്ന 7 പുസ്തകങ്ങളുടെ പ്രകാശനം ഡോ.മോഹൻ ഭാഗവത് നിർവഹിക്കും. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച ഗീതം സിനിമാ പിന്നണി ഗായകൻ ദീപാങ്കുരൻ ആലപിക്കും. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാർ, മുഖ്യപത്രാധിപർ ഡോ.എൻ.ആർ.മധു, ഡെപ്യൂട്ടി എഡിറ്റർ സി.എം. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.