
ന്യൂയോർക്ക് : അമേരിക്കയിൽ കൊവിഡിനെതിരെയുള്ള മൊഡേണ വാക്സിൻ ഡോസ് സ്വീകരിച്ച ഡോക്ടർക്ക് ഗുരുതര അലർജിയുണ്ടായതായി റിപ്പോർട്ട്. ബോസ്‌റ്റൺ മെഡിക്കൽ സെന്‍ററിലെ ജെറിയാട്രിക് ഓങ്കോളജിസ്റ്റ് ആയ ഡോ. ഹുസൈൻ സദ്രാസദെയ്ക്കാണ് അലർജി പ്രകടമായത്. ഞണ്ട്, കക്ക, ചെമ്മീൻ തുടങ്ങിയ ഷെൽഫിഷ് വിഭാഗത്തിൽപ്പെട്ട കടൽ മത്സ്യങ്ങൾ കഴിക്കുമ്പോൾ ചിലർക്കുണ്ടാവുന്ന അലർജി ( shellfish allergy ) ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന് സമാനമായ അലർജി ഫലങ്ങളാണ് വാക്സിൻ സ്വീകരിച്ചപ്പോഴും ഉണ്ടായത്.
വാക്സിൻ സ്വീകരിച്ച് ഒരു മണിക്കൂറിനകം ഡോക്ടർക്ക് തലചുറ്റൽ അനുഭവപ്പെടുകയും ഹൃദയമിടിപ്പ് വർദ്ധിക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഒരു ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തു. ഇദ്ദേഹത്തിന് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. മൊഡേണ കമ്പനി സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. അമേരിക്കയിൽ രാജ്യവ്യാപകമായി വിതരണം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മൊഡേണയ്ക്ക് പാർശ്വഫലം റിപ്പോർട്ട് ചെയ്യുന്നത്.