
ന്യൂഡൽഹി: കൊവിഡ് സൃഷ്‌ടിച്ച കനത്ത ആഘാതത്താൽ 2020ൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ, 2025 ഓടെ വീണ്ടും ബ്രിട്ടനെ പിന്നിലാക്കി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ശക്തിയായി മാറുമെന്ന് ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ എക്കണോമിക്‌സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ (സി.ഇ.ബി.ആർ) വിലയിരുത്തൽ. 2019ൽ ഇന്ത്യ ബ്രിട്ടനെ പിന്നിലാക്കി അഞ്ചാംസ്ഥാനം നേടിയെങ്കിലും 2020ൽ വീണ്ടും പിന്നോട്ട് പോയിരുന്നു.
കൊവിഡ് മഹാമാരിയുടെ എല്ലാ തിരിച്ചടികളും ഇന്ത്യയ്ക്കുണ്ടായി. അതിന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യ മെല്ലെ മോചിക്കപ്പെടുകയാണ്. എങ്കിലും 2024 വരെ ബ്രിട്ടൻ അഞ്ചാംസ്ഥാനത്തും ഇന്ത്യ ആറാംസ്ഥാനത്തും തുടരുമെന്ന് സി.ഇ.ബി.ആർ വ്യക്തമാക്കി.
2030ൽ മൂന്നാം
സ്ഥാനത്തേക്ക്
 ചൈന ഒന്നാമതാകും
2025ൽ ബ്രിട്ടനെ പിന്നിലാക്കി അഞ്ചാമത്തെ വലിയ സമ്പദ്ശക്തിയാകുന്ന ഇന്ത്യ, 2027ൽ ജർമ്മനിയെയും 2030ൽ ജപ്പാനെയും മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്ശക്തിയായി മാറും. അമേരിക്കയെ പിന്തള്ളി 2028ൽ ചൈന ലോകത്തെ ഒന്നാമത്തെ വലിയ സമ്പദ്ശക്തിയാകും. 2030ൽ ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് വയ്ക്കുംവരെ മൂന്നാംസ്ഥാനം ജപ്പാൻ ചൂടും. ജർമ്മനിയുടെ റാങ്ക് നാലിൽ നിന്ന് അഞ്ചാകും.
ജി.ഡി.പിയുടെ
ചാഞ്ചാട്ടം
2016ൽ ഇന്ത്യൻ ജി.ഡി.പി 8.3 ശതമാനം വളർന്നിരുന്നു; 2018ൽ 6.1 ശതമാനവും. 2019ൽ വളർച്ച ദശാബ്‌ദത്തിലെ ഏറ്റവും മോശം നിരക്കായ 4.2 ശതമാനമായി കുറഞ്ഞു. 2021ൽ ഒമ്പത് ശതമാനവും 2022ൽ ഏഴ് ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു; 2035ൽ പ്രതീക്ഷ 5.8 ശതമാനം.