iran

ഇറാൻ: അമേരിക്കയിൽ നിന്നുള്ള മിസൈൽ ആക്രമണം തടയാന മുൻകരുതലുമായി ആണവ കേന്ദ്രങ്ങൾക്ക് സുരക്ഷ ശക്തമാക്കി ഇറാൻ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നും ആക്രമണം ഉണ്ടായേക്കാം എന്ന ഭീഷണി ഭയന്നാണ് ഇറാൻ ആണവകേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള വ്യോമ പ്രതിരോധം ശക്തമാക്കിയത്. ഇത് സംബന്ധിച്ചുള്ള സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജ്യത്തിന്റെ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന ഫോർഡോയിലെയും നതാൻസിലെയും യുറേനിയം സമ്പുഷ്ടീകരണ സ്ഥലങ്ങളിലാണ് ഇറാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിരിക്കുന്നത്. അങ്ങനെയൊരു യുദ്ധം സംഭവിച്ചാൽ ഇറാഖ് യുദ്ധത്തേക്കാൾ വളരെ മോശമായ നിലയിലേക്ക് കാര്യങ്ങൾ പോകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് മുന്നറിയിപ്പ് നൽകി.

ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ പവർ 737 മിസൈൽ സംവിധാനവും റഷ്യൻ നിർമിത 'സാം' വ്യോമ പ്രതിരോധ സംവിധാനങ്ങളും രണ്ട് കേന്ദ്രങ്ങൾക്കും സമീപം വിന്യസിച്ചിട്ടുണ്ട്. ട്രംപിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ നീക്കങ്ങൾ ഉണ്ടായാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും ട്രംപ് വഹിക്കേണ്ടി വരുമെന്ന് ട്വീറ്റിലൂടെ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

ട്രംപിന്റെ അവസാന ആഴ്ചകളിൽ യുഎസും ഇറാനും തമ്മിൽ സംഘർഷങ്ങൾ രൂക്ഷമാകുകയാണ്. ഇറങ്ങി പോകുന്ന പോക്കിൽ ട്രംപിന്റെ മറ്റൊരു തിടുക്കത്തിലുള്ള നീക്കം സ്ഥാനമേൽക്കാൻ പോകുന്ന ജോ ബൈഡന് മിഡിൽ ഈസ്റ്റിൽ നയതന്ത്ര തലവേദനയാകുമെന്നും ആശങ്കയുണ്ട്.

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ അടുത്തിടെ നടന്ന റോക്കറ്റ് ആക്രമണം ഇറാൻ പ്രദേശത്തുനിന്നാണ് നടത്തിയതെന്ന് ട്രംപ് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. റോക്കറ്റ് ആക്രമണത്തിൽ ഏതെങ്കിലും യു.എസ് പൗരന്മാർ കൊല്ലപ്പെട്ടാൽ വാഷിംഗടൺ ടെഹ്‌റാനെ ഉത്തരവാദിയാക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, ആരോപണങ്ങൾ ടെഹ്‌റാൻ നിഷേധിച്ചു.