
തിരുവനന്തപുരം: ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ നവകേരള പീപ്പിൾസ് പാർട്ടി ആറിടങ്ങളിൽ വിജയം നേടുമെന്നും സർക്കാർ രൂപീകരണത്തിന്റെ സമയത്ത് നിർണായക ശക്തിയായി മാറുമെന്നും പാർട്ടി സ്ഥാപകനും നടനുമായ ദേവൻ. കൗമുദി ടിവിയുടെ 'സ്ട്രെയിറ്റ് ലൈൻ' അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തന്റെ കണക്കുകൂട്ടൽ പ്രകാരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു തൂക്കു നിയമസഭയാകും ഉണ്ടാകുകയെന്നും അപ്പോൾ മുന്നണികൾക്ക് തന്റെ പാർട്ടിയെ ആവശ്യമായി വരുമെന്നും അപ്പോൾ ആർക്ക് പിന്തുണ നൽകുമെന്ന് തീരുമാനിക്കുമെന്നുമാണ് നടൻ പറയുന്നത്.
തങ്ങൾ നടത്തിയ ഒരു സർവേയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ജനം തന്റെ രാഷ്ട്രീയം തിരിച്ചറിയുമെന്നും അദ്ദേഹം പറയുന്നു. 'മഹാഭൂരിപക്ഷത്തോട് കൂടി' ഒരു മന്ത്രിസഭ ഉണ്ടാകാനുള്ള സാദ്ധ്യത പൂജ്യമാണെന്നും അധികാരമില്ലെങ്കിൽ മറ്റൊന്നും കൊണ്ട് പ്രയോജനമില്ലെന്നും താൻ അത് മനസിലാക്കിയിട്ടുണ്ടെന്നും നടൻ പറയുന്നു.