gold-bond

കൊച്ചി: സ്വർണം ഇറക്കുമതിയും അതുവഴി വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികളും കുറയ്ക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച സ്വർണ ബോണ്ടുകളുടെ ഒമ്പതാംഘട്ട വില്പനയ്ക്ക് നാളെ തുടക്കമാകും. ജനുവരി അഞ്ചുവരെ നീളുന്ന വില്പനയിലൂടെ ഗ്രാമിന് 5,000 രൂപ നിരക്കിൽ ബോണ്ടുകൾ വാങ്ങാം.

ഡിജിറ്റലായി അപേക്ഷിക്കുന്നവർക്കും വാങ്ങുന്നവർക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ടുണ്ട്. ഇവർ 4,950 രൂപ മുടക്കിയാൽ മതി. സ്വർണത്തിലെ നിക്ഷേപം സമ്പദ്‌വളർച്ചയ്ക്ക് പ്രയോജനപ്പെടുംവിധം പൊതു വിപണിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ സ്വർണ ബോണ്ടുകൾ ആവിഷ്‌കരിച്ചത്.

വ്യക്തിക്ക് സാമ്പത്തിക വർഷം പരമാവധി നാലു കിലോഗ്രാമും ട്രസ്‌റ്റുകൾക്ക് 20 കിലോഗ്രാമും വാങ്ങും. പരിശുദ്ധ സ്വർണത്തിന് തുല്യമായ ബോണ്ടുകളാണ് നൽകുക. എട്ട് വർഷമാണ് മെച്യൂരിറ്റി കാലാവധി. എന്നാൽ, അഞ്ചുവർഷത്തിന് ശേഷം നിബന്ധനകളോടെ വിറ്റഴിക്കാം. 2.5 ശതമാനമാണ് വാർഷിക പലിശനിരക്ക്.