
ന്യൂഡൽഹി: ജമ്മു കാശ്‌മീരിനും പഞ്ചാബിനും പുറമേ പാകിസ്ഥാൻ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കൂടുതൽ വഴികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികൾ വഴി പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് ബി.എസ്.എഫിന്റെ റിപ്പോർട്ട്. ഈവർഷം നുഴഞ്ഞുകയറ്റങ്ങളുടെ എണ്ണം വർദ്ധിച്ചു.
കഴിഞ്ഞവർഷം നവംബർ ആദ്യവാരം വരെ ഗുജറാത്ത്, രാജസ്ഥാൻ അതിർത്തി വഴി നുഴഞ്ഞുകയറ്റങ്ങളൊന്നും ബി.എസ്.എഫ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇക്കൊല്ലം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഗുജറാത്ത്, രാജസ്ഥാൻ അതിർത്തി വഴിയുള്ള പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ബി.എസ്.എഫ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കാൻ പാകിസ്ഥാൻ മറ്റു വഴികൾ തേടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും എന്നാൽ കർശന ജാഗ്രത പാലിക്കുന്ന സൈന്യം ഇവയൊക്കെ പരാജയപ്പെടുത്തുന്നതായും ബി.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
കാശ്‌മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് അതിർത്തി വഴി ഈവർഷം നവംബർ ആദ്യവാരം വരെ 11 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നുവെന്നും ബി.എസ്.എഫ് അറിയിച്ചു.