
തന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കി സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ. തന്റെ പാട്ടുകൾ പാടാനെന്ന വ്യാജേന ഒരു കൂട്ടർ വളർന്നുവരുന്ന ഗായകരെ വിളിച്ചുവരുത്താറുണ്ടെന്നും അതിന്റെ പേരിൽ അവരെ മുതലെടുക്കാറുണ്ടെന്നും ഷാൻ റഹ്‌മാൻ പറയുന്നു. സ്ത്രീ ഗായകരെ ആണ് ഇവർ കൂടുതലും ലക്ഷ്യം വയ്ക്കുന്നതെന്നും ഇവരെ ഈ തട്ടിപ്പുകാർ വേറെ രീതികളിലും മുതലെടുക്കാറുണ്ടെന്നും സംഗീത സംവിധായകൻ തന്റെ പോസ്റ്റ് വഴി വിശദീകരിക്കുന്നു.
കുറിപ്പ് ചുവടെ:
'പ്രിയ സുഹൃത്തുക്കളേ, കുറച്ചു കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ തട്ടിപ്പിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് കുറച്ച് തവണ കേട്ടിട്ടുണ്ട്, പക്ഷേ ഇപ്പോൾ എനിക്ക് ഇത് നേരിട്ട് കാണാൻ കഴിഞ്ഞു. ഏതാനും ചില കുറ്റവാളികൾ വളർന്നുവരുന്ന ഗായകരെ വിളിക്കുകയും അവരുടെ നിരപരാധിത്വവും ആലാപന ജീവിതത്തിന്റെ ആവശ്യകതയും മുതലെടുത്ത് 'എന്റെ' ഗാനങ്ങൾ ആലപിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
എന്നാൽ ഞാൻ ചിത്രത്തിൽ ഒരിടത്തും ഉണ്ടാകില്ല. എആർ അസോസിയേറ്റ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിലെ അനൂപ് കൃഷ്ണൻ (മൊബൈൽ നമ്പർ 7306377043) എന്ന വ്യക്തിയിൽ നിന്ന് എന്റെ ഒരു സുഹൃത്ത് സ്വീകരിച്ച മെസേജുകളാണ് താഴെ നൽകിയിരിക്കുന്ന സ്ക്രീൻഷോട്ടുകൾ. ഞാൻ സംവിധാനം ചെയ്തതെന്ന് പറഞ്ഞുകൊണ്ട് രണ്ട് ഗാനങ്ങൾ എന്റെ സുഹൃത്തിനു നൽകുമെന്നാണ് ഇവർ പറയുന്നത്.
ഇതിൽ ഒന്ന് ഹരിശങ്കറിനൊപ്പവും ഒന്ന് വിനീതിനൊപ്പവുമുള്ളതാണെന്നും ഇവർ പറയുന്നുണ്ട്. ഞാൻ ചെയ്ത ഗാനങ്ങളാണെന്ന് പറഞ്ഞുകൊണ്ട് ഈ തട്ടിപ്പുകാർ ഈ ഗായകരെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും പാട്ടുകളും പാടിക്കുകയും ചെയ്യുന്നു. ഇവരുടെ പ്രധാന ലക്ഷ്യം വനിതാ ഗായകരാണ്. അവർ മറ്റ് വഴികളിലും ഗായകരെ മുതലെടുക്കുന്നുണ്ട്.
എന്റെ സ്വന്തം സ്റ്റുഡിയോയിൽ നിന്നാണ് ഞാൻ എന്റെ പാട്ടുകൾ റെക്കോർഡു ചെയ്യുന്നുവെന്ന് ദയവായി മനസിലാക്കുക. ഞാൻ സ്റ്റഡിയോയിൽ ഇല്ലെങ്കിൽ, റെക്കോർഡിംഗുകൾ നടത്തുക മിഥുൻ ജയരാജ്, ബിജു ജെയിംസ്, ഹരിശങ്കർ എന്നിവരാണ്. കൂടുതൽ സമയത്തും ഞാൻ തന്നെയാണ് ഗായകർ പാടുന്ന ഗാനങ്ങൾറെക്കോർഡു ചെയ്യുക. എല്ലാവരും ഇക്കാര്യം കഴിയുന്നത്ര ഷെയർ ചെയ്യുക. ഈ അപകടത്തെക്കുറിച്ച് ശ്രദ്ധാലുവാകുക. ഒരുപാട് സ്നേഹം.'